മുംബൈ: ചാനലുകളുടെ ടിആര്‍പി റേറ്റിംഗില്‍ കൃത്രിമം കാണിച്ച സംഭവുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് ഒരാളെ കൂടി അറസ്‌റ്റ് ചെയ്‌തു. കേസുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഹന്‍സ റിസേര്‍ച്ച് ഏജന്‍സിയിലെ മുന്‍ ജീവനക്കാരനായ വിനയ് ത്രിപതിയെയാണ് മുംബൈ പോലീസ് ക്രൈം ബ്രാഞ്ച് യുപിയിലെ മിര്‍സാപൂരില്‍ വെച്ച് അറസ്‌റ്റ് ചെയ്‌തത്.
ഇതോടെ കേസില്‍ ആകെ കസ്‌റ്റഡിയില്‍ ഉള്ളവരുടെ എണ്ണം അഞ്ചായി. കേസുമായി ബന്ധപ്പെട്ട് ഇന്നലെ ഹന്‍സ കമ്പനിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫിസര്‍ പ്രവീണ്‍ നിസര, ഡെപ്യൂട്ടി മാനേജര്‍ നിതിന്‍ ഡിയോക്കര്‍ എന്നിവരെ പോലീസ് ചോദ്യം ചെയ്‌തു.
കേസില്‍ ആരോപണം നേരിടുന്ന റിപ്പബ്‌ളിക് ടിവിയുടെ മുഖ്യ സാമ്പത്തിക ഓഫീസര്‍ ആയ ശിവം സുന്ദരം ഇന്ന് ക്രൈം ബ്രാഞ്ചിന് മുന്നില്‍ ഹാജരാകുമെന്ന് പോലീസ് അറിയിച്ചു. ചാനലിന്റെ വിതരണ വിഭാഗം തലവനായ ഘനശ്യാം സിംഗിനെ ക്രൈം ബ്രാഞ്ച് ഏഴു മണിക്കൂറോളം ചോദ്യം ചെയ്‌തിരുന്നു.
കേസുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ വിശാല്‍ ഭണ്ഡാരിക്ക് പണം നല്‍കിയിരുന്നത് വിനയ് ത്രിപതി ആയിരുന്നു എന്നാണ് പോലീസ് സംശയിക്കുന്നത്. ഭണ്ഡാരിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ത്രിപതിയെ ക്കുറിച്ച് പരാമര്‍ശം ഉണ്ടായിരുന്നു.
കഴിഞ്ഞ ആഴ്‌ചയാണ് മുംബൈ പോലീസ് കമ്മീഷണറായ പരം ബിര്‍ സിംഗ് ടിആര്‍പിയില്‍ തട്ടിപ്പ് നടക്കുന്നതായി വിവരം പുറത്തുവിട്ടത്. പ്രമുഖ ചാനലായ റിപ്പബ്‌ളിക് ടിവിയും രണ്ട് മറാത്തി ചാനലുകളുമാണ് ആരോപണം നേരിടുന്നത്.
Read Also: ഹത്രസ് കേസ് കെട്ടിച്ചമച്ചതെന്ന് ബിജെപി എംപി