ഛത്തീസ്ഗഡ്: ഹത്രസില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായി പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധങ്ങള്‍ക്കെതിരെ ഛത്തീസ്ഗഡ് ബിജെപി എം പി മോഹന്‍ മാണ്ഡവി. കോണ്‍ഗ്രസ് ആരോപിക്കുന്നത് പോലെ ഹത്രസില്‍ അടിച്ചമര്‍ത്തലോ ക്രൂരതയോ നടന്നിട്ടില്ലെന്നും ഹത്രസ് സംഭവം ‘കെട്ടിച്ചമച്ചതാണെ’ന്നും എം പി പറഞ്ഞു. കൂടാതെ ഛത്തീസ്ഗഡിലെ ബസ്‌റ്റാറില്‍ ഒരു ദലിത് പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിന് ഇരയായപ്പോള്‍ എന്തുകൊണ്ടാണ് ഇവിടം കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിക്കാത്തതെന്നും മോഹന്‍ മാണ്ഡവി ചോദിച്ചു. ഛത്തീസ്ഗഡില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു എം പി.
‘ഹത്രസില്‍ യാതൊരു വിധ അടിച്ചമര്‍ത്തലുകളും ഉണ്ടായിട്ടില്ല. കെട്ടിച്ചമച്ച ഒരു സംഭവത്തെ അടിച്ചമര്‍ത്തലായി കോണ്‍ഗ്രസ് ചിത്രീകരിക്കുകയാണ്,’ എംപി പറഞ്ഞു. കൂടാതെ, സി ബി ഐ അന്വേഷണം നടത്തുകയാണെങ്കില്‍ ഇത്തരം നാലോ അഞ്ചോ സംഭവങ്ങള്‍ മുഴുവന്‍ വില്ലേജുകളിലും കണ്ടെത്താന്‍ കഴിയുമെന്നും മോഹന്‍ മാണ്ഡവി കൂട്ടിച്ചേര്‍ത്തു.
ബസ്‌റ്റാര്‍ മേഖലയില്‍ സ്‌ത്രീകള്‍ക്കുനേരെ വലിയ രീതിയിലുള്ള അതിക്രമങ്ങളാണ് നടക്കുന്നതെന്ന് മോഹന്‍ മാണ്ഡവി മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇവിടുത്തെ ഗവണ്‍മെന്റ് ഉറങ്ങുകയാണെന്നും ഹത്രസിലെ ‘കെട്ടിച്ചമച്ച’ കേസിലാണ് അധികാരികളുടെ ശ്രദ്ധയെന്നും എം പി ആരോപിച്ചു. സംസ്‌ഥാനത്തെ മുഖ്യമന്ത്രിയും എംഎല്‍എമാരും ഇവിടെ നടക്കുന്ന അതിക്രമങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണെന്നും ബിജെപി എംപി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ജൂലൈയില്‍ ആയിരുന്നു ബസ്‌റ്റാര്‍ മേഖലയിലെ പെണ്‍കുട്ടി കൂട്ട ബാലസംഗത്തിന് ഇരയായതിനെ തുടര്‍ന്ന് ആത്‍മഹത്യ ചെയ്‌തത്. കേസില്‍ എഫ് ഐ ആര്‍ രജിസ്‌റ്റര്‍ ചെയ്യാന്‍ വിസമ്മതിച്ച പൊലീസ് നടപടിയെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് ആത്‍മഹത്യക്ക് ശ്രമിച്ചതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. പിന്നീട് കേസില്‍ ഉള്‍പ്പെട്ട അഞ്ച് പേരെ പൊലീസ് അറസ്‌റ്റ് ചെയ്യുകയും എഫ് ഐ ആര്‍ രജിസ്‌റ്റര്‍ ചെയ്യാതിരുന്ന ധനോര പൊലീസ് സ്‌റ്റേഷന്‍ ഓഫീസര്‍ രമേഷ് സോരിയെ സസ്‌പെന്‍ഡ് ചെയ്യുകയുമായിരുന്നു.
Must Read: എന്താണ് യഥാർഥത്തിൽ ഹത്രസിൽ സംഭവിച്ചത്