തൃക്കോട്ടൂർ: ബർമ്മയിൽ നിന്നും ഏഴാം വയസിൽ കേരളത്തിലേക്ക് പറിച്ചു നടപ്പെട്ട ഒരു ബാലൻ മലയാള സാഹിത്യത്തിലെ പകരം വെക്കാനില്ലാത്ത പ്രതിഭയായി വളർന്നത് ഒരു നിയോഗം തന്നെയാവാം. പഴയ ബർമ്മയിലെ ഇറവാഡി നദിക്കരയിൽ നിന്ന് കോരപ്പുഴക്ക് അപ്പുറത്തുള്ള തൃക്കോട്ടൂർ ഗ്രാമത്തിന്റെ സ്വന്തം കഥാകാരനായ യുഎ ഖാദറിനും അത് ഉറപ്പായിരുന്നു. അതിനാലാവാം തന്റെ ഓരോ വരികളിലും ഈ നാടിനോടുള്ള സ്‌നേഹം അദ്ദേഹം വരച്ചു കാട്ടിയത്.
ആദ്യകാലത്ത് അദ്ദേഹം എഴുതിയ ചെറുകഥകളും നോവലുകളും വടക്കേ മലബാറിലെ മുസ്‌ലിം സാമൂഹിക ജീവിതത്തിന്റെ വൈവിധ്യങ്ങളെ വരച്ചു കാട്ടുന്നതാണ്. എന്നാല്‍, യുഎ ഖാദര്‍ എന്ന കഥാകൃത്ത് മലയാള സാഹിത്യത്തില്‍ തന്റേതായ ഇടം നേടിയത് എണ്‍പതുകളില്‍ അദ്ദേഹം എഴുതിയ തൃക്കോട്ടൂര്‍ കഥകളിലൂടെയാണ്. ചെറുപ്പകാലം മുതലേ അദ്ദേഹം അടുത്തറിഞ്ഞ നാടാണ് തിക്കോടിയിലെ തൃക്കോട്ടൂര്‍ ഗ്രാമം.
ആ ഗ്രാമത്തിന്റെ അന്തരീക്ഷവും അവിടുത്തെ നാട്ടുമൊഴിക്കഥകളും ഗ്രാമീണരുടെ വിശ്വാസങ്ങളും, ആചാരങ്ങളും അദ്ദേഹത്തിന്റെ മനസിൽ ആഴത്തില്‍ പതിഞ്ഞു. പിന്നീട് അദ്ദേഹം വിവാഹം കഴിച്ചതും തൃക്കോട്ടൂരില്‍ നിന്നു തന്നെയാണെന്നത് ബന്ധത്തിന് മാറ്റ് കൂട്ടി . അങ്ങനെ തൃക്കോട്ടൂർ എന്ന ഗ്രാമം അദ്ദേഹത്തിന് സ്വന്തം നാടുതന്നെയായി. അവിടം പ്രമേയമാക്കി പിന്നീട് അദ്ദേഹം നിരവധി കഥകൾ എഴുതി. തൃക്കോട്ടൂർ ഗ്രാമം പോലെ തന്നെ ജീവനുള്ള, നൻമയുടെ സുഗന്ധമുള്ള ഒരുപിടി കഥകൾ.
Related Read: പ്രശസ്‌ത എഴുത്തുകാരൻ യുഎ ഖാദർ വിടവാങ്ങി
തൃക്കോട്ടൂര്‍ എന്ന യഥാര്‍ഥ ഗ്രാമം ഖാദറിന്റെ കഥകളിലൂടെയും നോവലെറ്റുകളിലൂടെയും ഒരു ഭാവനാ സ്‌ഥലമായി മലയാളികളുടെ മനസിൽ പുനര്‍ജനിച്ചു. സവിശേഷമായ പ്രാദേശിക മിത്തുകളും ദേവതാ സങ്കല്‍പ്പങ്ങളും വിശ്വാസങ്ങളും ആചാരങ്ങളും നിറഞ്ഞ ഗ്രാമം. പച്ചയായ ജീവിതങ്ങളും മണ്ണും മരങ്ങളും എല്ലാം കലര്‍ന്ന ഒരു ലോകമാണത്.
അദ്ദേഹത്തിന്റെ സാഹിത്യഭാഷ പ്രാദേശികമായ ഭംഗി നിലനിർത്തിയാണ് വായനക്കാർക്ക് ഏറെ പ്രിയപ്പെട്ടതായത്. വടക്കൻപാട്ട്, പുള്ളുവൻപാട്ട്, തോറ്റംപാട്ട് എന്നിവ ഇഴകിച്ചേർന്ന മനോഹരമായ സാഹിത്യ സൃഷ്‌ടികൾ അദ്ദേഹം മലയാളിക്ക് സമ്മാനിച്ചു. മലബാറിലെ തെയ്യത്തിന്റെ പ്രകടനത്തിന് മുമ്പുള്ള ആരൂഢം ചൊല്ലൽ മാതൃകയിൽ തന്റെ കഥകൾ വായിക്കാമെന്ന് അദ്ദേഹം പറയാറുണ്ട്. അതൊരിക്കലും അതിശയോക്‌തി ആയിരുന്നില്ല എന്നതാണ് സത്യം. അത് എല്ലാ മലയാളികൾക്കും അറിയാവുന്നതുമാണ്.

അന്നോളം അവഗണിക്കപ്പെട്ട ഒരുപാട് ജീവിതങ്ങളെ യുഎ ഖാദർ എന്ന എഴുത്തുകാരൻ മലയാളിക്ക് മുൻപിൽ അവതരിപ്പിച്ചു. യാത്രകളെ ഏറെ സ്‌നേഹിച്ച അദ്ദേഹം ഏഴാം വയസിൽ ആയിരക്കണക്കിന് മൈലുകൾ താണ്ടിയാണ് കടത്തനാടിന്റെ മണ്ണിലേക്ക് വന്നിറങ്ങിയത്. പിന്നീടങ്ങോട്ട് തൃക്കോട്ടൂരുകാരുടെ സ്വന്തം എഴുത്തുകാരനായി മാറുകയായിരുന്നു അദ്ദേഹം.
നാൽപ്പതിലേറെ കൃതികളാണ് തന്റെ ഏഴ് പതിറ്റാണ്ട് കാലത്തെ സാഹിത്യ ജീവിതത്തിൽ അദ്ദേഹം എഴുതിയത്. അതിൽ കൂടുതലും മനുഷ്യ ജീവിതങ്ങളെ യാതൊരു അതിഭാവുകത്വവും കൂടാതെ ആവിഷ്‌ക്കരിച്ച കൃതികൾ. യുഎ ഖാദർ എന്ന എഴുത്തുകാരൻ എന്നും ഓർമ്മിക്കപ്പെടുന്ന വ്യക്‌തിയായി മാറിയതും ഇതുകൊണ്ടാണ്. മനുഷ്യനെ മനുഷ്യനായി കാണാനുള്ള മനസുകൊണ്ട്.
Read Also: മലയാള സാഹിത്യത്തിന് നികത്താനാവാത്ത നഷ്‌ടം; യുഎ ഖാദറിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി









































