കോഴിക്കോട്: എഴുത്തുകാരൻ യുഎ ഖാദറിന്റെ ഒന്നാം ചരമവാർഷികത്തോട് അനുബന്ധിച്ച് കേരള സാഹിത്യ അക്കാദമി ‘ഖാദർ പെരുമ’ എന്ന പേരിൽ അനുസ്‌മരണ പരിപാടി സംഘടിപ്പിക്കും. 11,12 തീയതികളിൽ കോഴിക്കോട് ടൗൺ ഹാളിൽ വച്ചാണ് പരിപാടി. നാളെ രാവിലെ 10 മണിക്ക് മന്ത്രി അഹമ്മദ് ദേവർകോവിൽ പരിപാടി ഉൽഘാടനം ചെയ്യും. തുടർന്ന് യുഎ ഖാദറിന്റെ ഛായാചിത്രം മേയർ ഡോ. ബീന ഫിലിപ്പ് അനാച്ഛാദനം ചെയ്യും.
ഉച്ചക്ക് ശേഷം ‘ഭാഷയിലെ വേറിട്ട വഴികൾ ’ എന്ന സെമിനാർ പ്രശസ്‌ത എഴുത്തുകാരൻ യുകെ കുമാരൻ ഉൽഘാടനം ചെയ്യും. വൈകീട്ട് ആറിന് ‘ഉറഞ്ഞാടുന്ന ദേശങ്ങൾ’ ഡോക്യുമെന്ററി പ്രദർശിപ്പിക്കും. 12ന് രാവിലെ നടക്കുന്ന ‘ജൻമബന്ധത്തിന്റെ ചങ്ങലകൾ’ എന്ന സെമിനാറിൽ കെഇഎൻ സംസാരിക്കും. ഉച്ചക്ക് മൂന്നിന് ‘ദേശം, ദേശീയത, പ്രദേശികത’ എന്ന വിഷയത്തിൽ കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെപി മോഹനനും സംസാരിക്കും.
വൈകീട്ട് മൂന്നരയ്‌ക്ക് നടക്കുന്ന സമാപന സമ്മേളനം മുൻ മന്ത്രി എംഎ ബേബി ഉൽഘാടനം ചെയ്യും. ചടങ്ങിൽ ടി പത്‌മനാഭൻ മുഖ്യാതിഥിയാകും. സുഭാഷ് ചന്ദ്രൻ അനുസ്‌മരണ പ്രഭാഷണവും ‘മനുഷ്യാനന്തര കാലത്തെ പൗരത്വം’ എന്ന വിഷയത്തിൽ ടിടി ശ്രീകുമാർ സ്‌മാരക പ്രഭാഷണവും നിർവഹിക്കും. ചടങ്ങിൽ വച്ച് യുഎ ഖാദറിന്റെ രണ്ടു പുസ്‌തകങ്ങളുടെ പ്രകാശനം കെപി രാമനുണ്ണി നടത്തും. പികെ പാറക്കടവാണ് പുസ്‌തകങ്ങൾ ഏറ്റുവാങ്ങുക.
Read Also: മുല്ലപ്പെരിയാറിലെ മരംമുറി വിവാദം; ഉദ്യോഗസ്‌ഥന് എതിരായ അച്ചടക്ക നടപടി പിൻവലിച്ചു