സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി; കഥയുടെ ഖാദറിന് വിട

By News Desk, Malabar News
UA Khader Funeral
UA Khader
Ajwa Travels

കോഴിക്കോട്: മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ യു എ ഖാദറിന് വിട. സംസ്‌കാരം കൊയിലാണ്ടി തിക്കോടിയിലെ മീത്തലെപള്ളി ഖബർ സ്‌ഥാനില്‍ ഔദ്യോഗിക ബഹുമതികളോടെ നടന്നു. കോഴിക്കോട് ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ മുഖ്യമന്ത്രിക്ക് വേണ്ടി ജില്ലാ കലക്‌ടർ സാംബശിവ റാവു റീത്ത് സമര്‍പ്പിച്ചു.

കോഴിക്കോട് പട്ടാളം പള്ളിയിലെ പ്രാര്‍ത്ഥനക്ക് ശേഷമാണ് മൃതദേഹം രാവിലെ 11.15ഓടെയാണ് കോഴിക്കോട് ടൌണ്‍ ഹാളില്‍ എത്തിച്ചത്. യു എ ഖാദറിന്റെ നിരവധി പ്രഭാഷണങ്ങള്‍ക്ക് വേദിയായ ടൗണ്‍ഹാളില്‍ കൊവിഡ് മാനദണ്ഡം പാലിച്ചായിരുന്നു പൊതുദര്‍ശനം. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമടക്കം നിരവധി പേര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തി. മുഖ്യമന്ത്രിക്ക് വേണ്ടി ജില്ലാ കളക്‌ടർ സാംബശിവ റാവു റീത്ത് സമര്‍പ്പിച്ചു. മന്ത്രിമാരായ ടി പി രാമകൃഷ്‌ണൻ, എ കെ ശശീന്ദ്രന്‍ എന്നിവര്‍ അന്തിമോപചാരമര്‍പ്പിച്ചു.

സാഹിത്യരംഗത്ത് നിന്ന് കെ പി രാമനുണ്ണി, കെഇഎന്‍ കുഞ്ഞഹമ്മദ്, പി കെ ഗോപി, ഖദീജ മുംതാസ്, പി കെ പാറക്കടവ്, ചലച്ചിത്ര സംവിധായകന്‍ രഞ്ജിത്ത്, ജനപ്രതിനിധികളായ എളമരം കരീം, ബിനോയ് വിശ്വം, എ പ്രദീപ് കുമാർ, പുരുഷന്‍ കടലുണ്ടി, എം കെ രാഘവന്‍, വിവിധ രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കളായ പി മോഹനന്‍, ടി സിദ്ദിഖ്, കെ സുരേന്ദ്രന്‍ എന്നിവരും മലയാളത്തിന്റെ സാംസ്‌കാരിക ഭൂമികയില്‍ നിറഞ്ഞു നിന്ന തൃക്കോട്ടൂര്‍ പെരുമയുടെ കഥാകാരനെ അവസാനമായി ഒരു നോക്ക് കാണാൻ എത്തി.

അവഗണിക്കപ്പെട്ട ഒരുപാട് ജീവിതങ്ങളെ മലയാളിക്ക് മുൻപിൽ അവതരിപ്പിച്ച അതുല്യ കലാകാരൻ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. വൈകിട്ട് 5.50 ഓടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 85 വയസായിരുന്നു. അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്നു അദ്ദേഹം.

നോവലുകളും ലേഖനങ്ങളും കഥാസമാഹാരങ്ങളുമായി അമ്പതിലേറെ കൃതികൾ രചിച്ചു. തൃക്കോട്ടൂർ പെരുമ, അഘോരശിവം, തൃക്കോട്ടൂർ കഥകൾ, കൃഷ്‌ണമണിയിലെ തീനാളം, വള്ളൂരമ്മ, കലശം, ചങ്ങല, മാണിക്യം വിഴുങ്ങിയ കണാരൻ, ഭഗവതി ചൂട്ട് തുടങ്ങിയവയാണ് പ്രധാന കൃതികൾ. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (2009), കേരള സാഹിത്യ അക്കാദമി അവാർഡ് (1984, 2002), എസ്‌കെ പൊറ്റക്കാട് അവാർഡ് (1993), മലയാറ്റൂർ അവാർഡ്, സിഎച്ച് മുഹമ്മദ് കോയ സാഹിത്യ അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.

മനുഷ്യ ജീവിതങ്ങളെ യാതൊരു അതിഭാവുകത്വവും കൂടാതെ ആവിഷ്‌ക്കരിച്ച കൃതികളിലൂടെ യുഎ ഖാദർ എന്ന എഴുത്തുകാരനും മനുഷ്യനെ മനുഷ്യനായി കാണാനുള്ള മനസിലൂടെ ഖാദർ എന്ന വ്യക്‌തിയും എന്നും ഓർമ്മിക്കപ്പെടും. മനോഹരമായ സാഹിത്യ സൃഷ്‌ടികൾ മലയാളത്തിന് സമ്മാനിച്ച പ്രിയ കഥാകാരന് വിട.

Also Read: വൈദ്യുതി നിരക്ക് ഉടന്‍ വര്‍ധിക്കുമെന്ന വാര്‍ത്ത നിഷേധിച്ച് കെഎസ്ഇബി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE