പ്രശസ്‌ത എഴുത്തുകാരൻ യുഎ ഖാദർ വിടവാങ്ങി

By Trainee Reporter, Malabar News
UA khader
Ajwa Travels

കോഴിക്കോട്: ചെറുകഥാകൃത്തും പ്രശസ്‌ത നോവലിസ്‌റ്റുമായ യുഎ ഖാദർ അന്തരിച്ചു. വൈകിട്ട് 5.50 ഓടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 85 വയസായിരുന്നു. അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്നു. മൃതദേഹം കോഴിക്കോട് പൊക്കുന്നിലെ ‘അക്ഷര’ത്തിലേക്ക് മാറ്റി.

നോവലുകളും ലേഖനങ്ങളും കഥാസമാഹാരങ്ങളുമായി അമ്പതിലേറെ കൃതികൾ രചിച്ചു. തൃക്കോട്ടൂർ പെരുമ, അഘോരശിവം, തൃക്കോട്ടൂർ കഥകൾ, കൃഷ്‌ണമണിയിലെ തീനാളം, വള്ളൂരമ്മ, കലശം, ചങ്ങല, മാണിക്യം വിഴുങ്ങിയ കണാരൻ, ഭഗവതി ചൂട്ട് തുടങ്ങിയവയാണ് പ്രധാന കൃതികൾ.

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (2009), കേരള സാഹിത്യ അക്കാദമി അവാർഡ് (1984, 2002), എസ്‌കെ പൊറ്റക്കാട് അവാർഡ് (1993), മലയാറ്റൂർ അവാർഡ്, സിഎച്ച് മുഹമ്മദ് കോയ സാഹിത്യ അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.

കേരള സാഹിത്യ അക്കാദമി, ലളിതകലാ അക്കാദമി, കേരള ഭാഷാ ഇൻസ്‌റ്റിറ്റൃൂട്ട്, സാഹിത്യ പ്രവർത്തക സഹകരണ സംഘം എന്നിവയുടെ ഭാരവാഹിയായിരുന്നു. പുരോഗമന കലാ സാഹിത്യസംഘം പ്രസിഡണ്ടായും പ്രവർത്തിച്ചു. സംസ്‌ഥാന ചലച്ചിത്ര അവാർഡ് നിർണയ സമിതിയിൽ നാലു തവണ അംഗമായിട്ടുണ്ട്.

യുഎ ഖാദർ; ജീവിതരേഖ ചുരുക്കത്തിൽ

1935ൽ പഴയ ബർമ്മയിലെ റംഗൂണിനു സമീപം മോൺ സംസ്‌ഥാനത്ത് മൊയിതീൻകുട്ടി ഹാജി, മമോദി ദമ്പതികൾക്ക് ഇരാവതി നദിയോരത്തെ ബില്ലിൻ എന്ന ഗ്രാമത്തിലാണ് യുഎ ഖാദർ ജനിച്ചത്.

UA Khader
യുഎ ഖാദർ

മാതാവ് മമോദി ബർമ്മാക്കാരിയും പിതാവ് മൊയിതീൻകുട്ടി കേരളീയനുമായിരുന്നു. ഇദ്ദേഹം ജനിച്ച് മൂന്ന് ദിവസത്തിന് ശേഷം മാതാവായ മമോദി വസൂരി പിടിപെട്ട് മരണമടഞ്ഞു. ഉമ്മയുടെ സഹോദരിയാണ് പിന്നീട് പരിപാലിച്ചത്. രണ്ടാം ലോക മഹായുദ്ധം ആരംഭിച്ചപ്പോൾ 7 വയസുകാരനായ ഖാദറും കുടുംബവും ബർമയിൽ നിന്ന് കേരളത്തിലേക്ക് മടങ്ങാൻ നിർബന്ധിതരായി.

പിതാവിന്റെ ജൻമനാടായ കൊയിലാണ്ടിയിൽ എത്തുകയും യുഎ ഖാദർ ഒരു മലയാളിയായി വളരുകയും ചെയ്‌തു. കൊയിലാണ്ടി സർക്കാർ ഹൈസ്‌കൂളിൽ പഠനം പൂർത്തിയാക്കി ഖാദർ മദ്രാസ് കോളെജ് ഓഫ് ആർട്ട്സിൽ നിന്ന് ചിത്രകലയിൽ ബിരുദം നേടി.

ചിത്രകലയെക്കാൾ അദ്ദേഹം ഇഷ്‌ടപെട്ടത് എഴുത്തായിരുന്നു. 1953 മുതൽ ആനുകാലികങ്ങളിൽ കഥയെഴുതിത്തുടങ്ങി. ഒപ്പം തന്നെ, 1956ൽ നിലമ്പൂരിലെ ഒരു മരക്കമ്പനിയിൽ ഗുമസ്‌തനായി ജോലിയും ആരംഭിച്ചു. 1957 മുതൽ ദേശാഭിമാനി ദിനപത്രത്തിന്റെ പ്രപഞ്ചം വാരികയുടെ സഹപത്രാധിപരായി.

പിന്നീട് ആകാശവാണി കോഴിക്കോട് നിലയത്തിലും മെഡിക്കൽ കോളെജ് ഇൻസ്‌റ്റിറ്റൃൂട്ട് ഓഫ് മറ്റേണൽ ആന്റ് ചൈൽഡ് ഹെൽത്തിലും സർക്കാർ ആശുപത്രിയിലും വിവിധ തസ്‌തികകളിൽ ജോലിചെയ്‌തു. 1990ൽ സർക്കാർ സർവ്വീസിൽ നിന്നു വിരമിച്ചു. കഥാസമാഹാരങ്ങൾ, ലേഖനങ്ങൾ , നോവലുകൾ തുടങ്ങി 40ലധികം കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്.

ആദരവും അംഗീകാരങ്ങളും

“തൃക്കോട്ടൂർ പെരുമ‘ എന്ന കൃതിക്ക് 1983ൽ കേരള സാഹിത്യ അക്കാദമി അവാർഡും 2009ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും നേടി. ‘കഥപോലെ ജീവിതം’ എന്ന കൃതിക്ക് 1993ലെ എസ്കെ പൊറ്റെക്കാട് അവാർഡ്, ‘ഒരുപിടി വറ്റ്‘ എന്ന സൃഷ്‌ടിക്ക് അബുദാബി ശക്‌തി അവാർഡ്, ‘കളിമുറ്റം‘ എന്ന കൃതിക്ക് സിഎച്ച് മുഹമ്മദ്കോയ അവാർഡ്, മലയാറ്റൂർ അവാർഡ്, സിഎച്ച്‌ മുഹമ്മദ് കോയ സാഹിത്യ അവാർഡ് തുടങ്ങി ചെറുതും വലുതുമായ നൂറോളം അവാർഡുകളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

Read also: മലയാള സാഹിത്യത്തിന് നികത്താനാവാത്ത നഷ്‌ടം; യുഎ ഖാദറിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE