ന്യൂഡെൽഹി: അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ പുതിയ നിയമ പരിഷ്കാരങ്ങളിൽ പ്രതിഷേധം തുടരുന്ന ലക്ഷദ്വീപിൽ സന്ദർശനാനുമതി തേടി യുഡിഎഫ് എംപിമാർ. ലക്ഷദ്വീപിലെ സ്ഥിതിഗതികൾ നേരിട്ട് കണ്ട് വിലയിരുത്താൻ എംപിമാരുടെ സംഘത്തിന് സന്ദർശനാനുമതി തേടിയതായി എൻകെ പ്രേമചന്ദ്രൻ എംപി പറഞ്ഞു.
അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഷിപ്പിങ് മന്ത്രി മന്‍സുഖ് എല്‍ മണ്ഡാവിയ എന്നിവര്‍ക്കാണ് സന്ദർശനാനുമതി തേടി കത്ത് നല്‍കിയത്.
യുഡിഎഫിലെ അഞ്ച് എംപിമാരുള്‍പ്പെട്ട സംഘമാണ് പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ ദ്വപീലേക്ക് പോകാൻ തീരുമാനിച്ചത്. തിങ്കളാഴ്ച ദ്വീപിലേക്ക് പോകുന്നതിന് കപ്പല്‍ ടിക്കറ്റിനും യാത്രാനുമതിക്കുമാണ് കത്ത്. ബെന്നി ബെഹനാന്, എംകെ രാഘവന്, ഹൈബി ഈഡന്, ഇടി മുഹമ്മദ് ബഷീര്‍ എന്നിവരാണ് സംഘത്തിലെ മറ്റ് എംപിമാര്‍.
അതേസമയം, ഇന്ന് മുതൽ ദ്വീപിൽ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അഡ്മിനിസ്ട്രേഷന്റെ പ്രത്യേക അനുമതിയുള്ളവർക്ക് മാത്രമേ ദ്വീപിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ.
നിലവിൽ സന്ദർശനത്തിന് എത്തിയവരുടെ പാസ് നീട്ടണമെങ്കിലും അഡ്മിനിസ്ട്രേഷന്റെ അനുമതി വേണം. കോവിഡ് വ്യാപനത്തിന്റെ പേരിലാണ് പുതിയ നിയന്ത്രണമെന്നാണ് വിശദീകരണം.
Most Read: ആഢംബര ഹോട്ടലുകളില്‍ വാക്സിനേഷന് പാടില്ലെന്ന് കേന്ദ്രം; ലംഘിച്ചാല്‍ നടപടി







































