മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്ക് എതിരായ വിവാദ പരാമർശത്തിൽ കേന്ദ്രമന്ത്രി നാരായണ്‍ റാണെ അറസ്റ്റിൽ. രത്നഗിരി പോലീസാണ് റാണെയെ അറസ്റ്റ് ചെയ്തതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട് ചെയ്തു. ഒരു കേന്ദ്രമന്ത്രിയെ അറസ്റ്റ് ചെയ്യാൻ കേന്ദ്ര സർക്കാരിന്റെ അനുമതി വേണമെന്ന തങ്ങളുടെ വാക്കുകൾ ചെവിക്കൊള്ളാതെയാണ് പോലീസ് നടപടിയെന്ന് ബിജെപി നേതാവ് പ്രമോദ് ജാതർ ആരോപിച്ചു.
സ്വാതന്ത്ര്യദിന പ്രസംഗത്തിന്റെ പേരില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെ അധിക്ഷേപിച്ചതിന് നാരായണ്‍ റാണെക്കെതിരെ കേസെടുത്തിരുന്നു. സ്വാതന്ത്ര്യം കിട്ടിയ വര്‍ഷം ഏതാണെന്നറിയാത്ത താക്കറയെ അടിച്ചേനെ എന്നായിരുന്നു റാണെയുടെ വിവാദ പ്രസ്താവന. റാണെക്കെതിരായ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ അനികേത് നികം ബോംബെ ഹൈക്കോടതിയെ സമീപിച്ചതിനിടെയാണ് ഇപ്പോൾ അറസ്റ്റ് ഉണ്ടായിരിക്കുന്നത്.
ബിജെപി സംഘടിപ്പിച്ച ‘ജന്‍ ആശിര്‍വാദ് യാത്ര’ യുടെ ഭാഗമായി നടന്ന ഒരു പൊതുയോഗത്തിലാണ് റാണെ ഉദ്ദവിനെതിരെ പരാമര്‍ശം നടത്തിയത്. സ്വാതന്ത്ര്യം കിട്ടിയ വര്‍ഷം മുഖ്യമന്ത്രിക്ക് അറിയില്ലെന്ന് പറയുന്നത് നാണക്കേടാണെന്നും സ്വാതന്ത്ര്യദിന പ്രസംഗത്തിനിടെ ഉദ്ദവ്, വര്‍ഷം പിന്നില്‍നിന്ന് ചോദിച്ചറിഞ്ഞെന്നും റാണെ ആരോപിച്ചിരുന്നു. താന്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍ കരണംനോക്കി അടിക്കുമായിരുന്നെന്നും റാണെ പറഞ്ഞിരുന്നു.
Most Read: ചരിത്രം മായ്ച്ചുകളയാന്‍ ആർഎസ്എസിന് സാധിക്കില്ല; എംഎ ബേബി









































