മുംബൈ: ശിവസേനക്കും നേതാക്കൾക്കും മുന്നറിയിപ്പുമായി കേന്ദ്രമന്ത്രി നാരായൺ റാണെ. ശിവസേനയുടെയും നേതാക്കളുടെയും ഒരുപാട് കാര്യങ്ങൾ തനിക്ക് അറിയാമെന്നും ഓരോ കേസുകളായി പുറത്തെടുക്കുമെന്നും റാണെ മുന്നറിയിപ്പ് നൽകി. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്ക് എതിരായ വിവാദ പരാമർശത്തിൽ അറസ്‌റ്റിലായതിന് പിന്നാലെയാണ് റാണെയുടെ ഭീഷണി.
സഹോദരന്റെ ഭാര്യയുടെ മേൽ ആസിഡ് ഒഴിക്കണമെന്ന് ആര്, ആരോടാണ് ആവശ്യപ്പെട്ടതെന്ന് തനിക്കറിയാമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ആരുടെയും പേര് എടുത്തുപറയാൻ അദ്ദേഹം തയ്യാറായില്ല. ബിജെപി നടത്തുന്ന ജൻ ആശിർവാദ് യാത്രയുടെ ഭാഗമായി രത്‌നഗിരി ജില്ലയിലെ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“39 വർഷം ഞാൻ അവരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്, ഒരുപാട് കാര്യങ്ങൾ എനിക്കറിയാം. സ്വന്തം സഹോദരന്റെ ഭാര്യയുടെ ദേഹത്ത് ആരാണ്, ആരോടാണ് ആസിഡ് ഒഴിക്കണമെന്ന് ആവശ്യപ്പെട്ടതെന്ന് എനിക്കറിയാം. അത് ഏതുതരം ‘സംസ്‌കാരം’ ആണ്?”- റാണെ പറഞ്ഞു. ഉദ്ദവ് താക്കറെക്ക് നേരെയും റാണെ വിമർശനം ഉന്നയിച്ചു. “ഒരു കേന്ദ്രമന്ത്രിയെ അറസ്‌റ്റ് ചെയ്യിച്ചതിലൂടെ അദ്ദേഹം എന്താണ് നേടിയത്? ഞാൻ കേസുകൾ ഓരോന്നായി പുറത്തുകൊണ്ടുവരും,”- നാരായൺ റാണെ പറഞ്ഞു.
“വരുൺ സർദേശായി എന്ന ഒരു സേനാ പ്രവർത്തകൻ മുംബൈയിലെ എന്റെ വീടിന് പുറത്ത് വന്നുനിന്ന് എന്നെ ഭീഷണിപ്പെടുത്തി. അടുത്ത തവണ വന്നാൽ അവൻ തിരികെ പോകില്ല,”- കേന്ദ്രമന്ത്രി മുന്നറിയിപ്പ് നൽകി. ശിവസേനയുടെ യുവജന സംഘടനയായ യുവ സേനയുടെ നേതാവാണ് സർദേശായി. ഉദ്ദവിന് എതിരായ പരാമർശത്തിൽ ചൊവ്വാഴ്‌ച മുംബൈയിലെ റാണെയുടെ വീടിന് പുറത്ത് യുവ സേന പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു.
ബിജെപി സംഘടിപ്പിച്ച ‘ജന്‍ ആശിര്‍വാദ് യാത്ര’ യുടെ ഭാഗമായി നടന്ന ഒരു പൊതുയോഗത്തിൽ ഉദ്ദവിനെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് മുംബൈ പോലീസ് റാണെയെ അറസ്‌റ്റ് ചെയ്‌തിരുന്നു. സ്വാതന്ത്ര്യം കിട്ടിയ വര്‍ഷം മുഖ്യമന്ത്രിക്ക് അറിയില്ലെന്ന് പറയുന്നത് നാണക്കേടാണെന്നും സ്വാതന്ത്ര്യദിന പ്രസംഗത്തിനിടെ ഉദ്ദവ്, വര്‍ഷം പിന്നില്‍നിന്ന് ചോദിച്ചറിഞ്ഞെന്നും ആരോപിച്ച റാണെ, താന്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍ കരണംനോക്കി അടിക്കുമായിരുന്നെന്നും പറഞ്ഞിരുന്നു. ഈ പരാമർശമാണ് അറസ്‌റ്റിലേക്ക് നയിച്ചത്.
Most Read: അന്ധവിശ്വാസങ്ങള്‍ തടയാന്‍ നിയമനിര്‍മാണം നടത്തണം; ബാലാവകാശ കമ്മീഷന്‍