മുംബൈ: മഹാരാഷ്‍ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെ അധിക്ഷേപിച്ച് പരാമർശം നടത്തിയ കേസിൽ എഫ്ഐആർ റദ്ദാക്കണമെന്ന കേന്ദ്രമന്ത്രി നാരായണ റാണെയുടെ ഹർജി മഹാരാഷ്‍ട്ര ഹൈക്കോടതി ഇന്ന് പരിഗണിക്കും. സ്വാതന്ത്ര്യദിനത്തിൽ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ ഉദ്ദവ് താക്കറെയെ അധിക്ഷേപിച്ചതിന് ശിവസേനാ പ്രവർത്തകർ നൽകിയ പരാതിയിൽ മഹാരാഷ്‍ട്ര പോലീസ് കേസെടുക്കുകയും റാണെയെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തിരുന്നു.
റാണെക്കെതിരായ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ അനികേത് നികം മഹാരാഷ്‌ട്ര ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയായിരുന്നു അറസ്‌റ്റ്. ഇദ്ദേഹത്തിനെതിരെ തെളിവുകൾ കണ്ടെടുക്കാൻ ഇല്ലാത്തതിനാൽ കസ്‌റ്റഡിയിൽ എടുക്കേണ്ട കാര്യമില്ലെന്ന് അഭിഭാഷകർ കോടതിയെ അറിയിച്ചതിനെ തുടർന്ന് മഹദ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. സ്വാതന്ത്ര്യം കിട്ടിയ വര്‍ഷം ഏതാണെന്നറിയാത്ത താക്കറയെ അടിച്ചേനെ എന്നായിരുന്നു റാണെയുടെ വിവാദ പ്രസ്‌താവന.
സ്വാതന്ത്ര്യം കിട്ടിയ വര്‍ഷം മുഖ്യമന്ത്രിക്ക് അറിയില്ലെന്ന് പറയുന്നത് നാണക്കേടാണെന്നും സ്വാതന്ത്ര്യദിന പ്രസംഗത്തിനിടെ ഉദ്ദവ്, വര്‍ഷം പിന്നില്‍നിന്ന് ചോദിച്ചറിഞ്ഞെന്നും റാണെ ആരോപിച്ചിരുന്നു. താന്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍ കരണംനോക്കി അടിക്കുമായിരുന്നെന്നും റാണെ പറഞ്ഞിരുന്നു. എന്നാൽ കേന്ദ്രമന്ത്രിയുടെ അറസ്‌റ്റ് നിയമവിരുദ്ധവും, ചട്ട ലംഘനവുമാണെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. സംഭവത്തെ തുടർന്ന് മഹാരാഷ്‍ട്രയിൽ പലയിടത്തും ബിജെപി ശിവസേന പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി.
Read also: പെഗാസസിൽ ജുഡീഷ്യൽ അന്വേഷണം റദ്ദാക്കണം; ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും