ന്യൂഡെൽഹി: ലോകത്തെ വരിഞ്ഞുമുറുക്കിയ കോവിഡിനെ പിടിച്ചുകെട്ടാൻ വാക്‌സിൻ പുറത്തിറക്കിയതോടെ വ്യാജവാർത്തകളും പ്രചരിച്ചു തുടങ്ങി. കോവിഡ് വാക്‌സിനെ കുറിച്ച് നിരവധി തെറ്റായ വാർത്തകൾ പുറത്തുവരുന്നുണ്ട്. അത്തരത്തിൽ ഒന്നാണ് കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു നോട്ടീസ്.
വിവിധ വിഭാഗങ്ങളിൽ ഉള്ള ആളുകൾ വാക്‌സിൻ എടുക്കരുത് എന്നാണ് ഈ നോട്ടീസിൽ പറയുന്നത്. അവിവാഹിതരായ പെൺകുട്ടികൾ, ശ്വാസകോശ സംബന്ധമായ അസുഖമുള്ള ആളുകൾ, മദ്യം കഴിക്കുന്നവർ, സിഗരറ്റ്-പുകയില എന്നിവ ഉപയോഗിക്കുന്നവർ, മാനസിക പ്രശ്‌നം ഉള്ളവർ, നാഡീരോഗം ഉള്ളവർ, പ്രമേഹ രോഗികൾ എന്നിവർ കോവിഡ് വാക്‌സിൻ സ്വീകരിക്കരുത് എന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ നോട്ടീസിൽ പറയുന്നത്.
- അവിവാഹിതരായ സ്‌ത്രീകൾ കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നത് വന്ധ്യതക്ക് ഇടയാക്കും എന്നാണ് നോട്ടീസിലെ വാദം. ഇതിന്റെ സത്യാവസ്‌ഥ എന്താണെന്ന് നോക്കാം;
ഗർഭിണികളായ അല്ലെങ്കിൽ മുലയൂട്ടുന്ന സ്‌ത്രീകൾക്ക് വാക്‌സിൻ നൽകാമെന്ന് സെറം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ഭാരത് ബയോടെക്കും ലോകാരോഗ്യ സംഘടനയും വ്യക്‌തമാക്കിയിട്ടുണ്ട്. കൂടാതെ, വാക്‌സിൻ സ്വീകരിക്കുന്നത് ഒരിക്കലും സ്‌ത്രീകളിൽ വന്ധ്യതക്ക് ഇടയാക്കില്ലെന്നും വിദഗ്‌ധർ പറയുന്നു.
കോവിഡ് വാക്‌സിൻ സ്‌ത്രീകളിലെ പ്രത്യുൽപാദനത്തിന് ദോഷം വരുത്തില്ലെന്ന് വിദഗ്‌ധരായ ഡോക്‌ടമാരെ ഉദ്ധരിച്ച് 2021 ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ച ‘ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട് ചെയ്‌തിരുന്നു. ഇക്കാര്യം ‘ഹോപ്‌കിൻസ് മെഡിസിനും’ വ്യക്‌തമാക്കിയിട്ടുണ്ട്.
- ഭാവിയിൽ രോഗങ്ങൾ വരാൻ സാധ്യത ഉള്ളതിനാൽ കുട്ടികളെ വാക്‌സിനിൽ നിന്ന് അകറ്റി നിർത്തണം എന്നാണ് രണ്ടാമത്തെ വാദം. എന്നാൽ ഇതിന്റെ വസ്‌തുത ഇതാണ്;
ഈ പ്രചാരണം തീർത്തും തെറ്റിദ്ധാരണ പരത്തുന്നതാണ്. ഇന്ത്യയിൽ, 18 വയസിന് മുകളിലുള്ളവർക്ക് മാത്രമേ കോവിഡ് വാക്‌സിൻ നൽകാവൂ എന്നാണ് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഈ പ്രായപരിധിക്ക് താഴെയുള്ള കുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പ് നടത്താൻ അനുവാദമില്ല. ഇവരിൽ ക്ളിനിക്കൽ പരീക്ഷണം നടത്തിയിട്ടില്ല എന്നതുകൊണ്ടാണ് കുട്ടികൾക്ക് വാക്‌സിൻ നൽകാത്തത്. അതേസമയം, 2 മുതൽ 18 വയസുവരെയുള്ള കുട്ടികളിൽ ഭാരത് ബയോടെക്കിന്റെ ‘കൊവാക്‌സിൻ’ ക്ളിനിക്കൽ പരീക്ഷണങ്ങൾ നടക്കുന്നുണ്ട്.
2 മുതൽ 18 വയസ് വരെ പ്രായമുള്ള കുട്ടികളിൽ കൊവാക്‌സിൻ II / III ഘട്ട ക്ളിനിക്കൽ പരീക്ഷണങ്ങൾ നടത്തുന്നതിന് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നൽകിയിട്ടുണ്ട്.

- ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ഉള്ളവർക്ക് വാക്‌സിൻ നൽകരുത്. ഇത് മരണത്തിന് കാരണമാകും എന്നാണ് മറ്റൊരു പ്രചാരണം.
ശ്വാസകോശ സംബന്ധമായ അസുഖമുള്ളവർ വാക്‌സിൻ എടുക്കുന്നതിനെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം തടയുന്നില്ല എന്നതാണ് യാഥാർഥ്യം. സെറം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയോ ഭാരത് ബയോടെക്കോ ഈ വിഷയത്തിൽ ഒന്നും പരാമർശിക്കുന്നില്ല.
- മദ്യം, സിഗരറ്റ്, പുകയില എന്നിവ ഉപയോഗിക്കുന്നവർ വാക്‌സിൻ സ്വീകരിച്ചാൽ അത് കാൻസർ വരാൻ ഇടയാക്കും എന്നാണ് നോട്ടീസിലെ മറ്റൊരു വാദം.
വാക്‌സിനുകളുടെ ഫലപ്രാപ്‌തിയെ മദ്യം തകരാറിലാക്കിയതായി തെളിവുകളില്ലെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. എന്നിരുന്നാലും, വാക്‌സിൻ എടുക്കുന്നതിന് മുമ്പും ശേഷവും മദ്യം ഒഴിവാക്കണമെന്ന് റഷ്യയിലെയും ബ്രിട്ടണിലെയും ആരോഗ്യ വിദഗ്‌ധർ പറയുന്നു, എന്നാൽ വാക്‌സിൻ സ്വീകരിക്കുന്നതിന് മദ്യപാനം തടസമാണെന്ന് അവരും പറഞ്ഞിട്ടില്ല.
- മാനസിക പ്രശ്‌നങ്ങളുള്ള രോഗികൾക്ക് വാക്‌സിൻ നൽകുന്നത് അവർക്ക് കൂടുതൽ സമ്മർദ്ദം നൽകുമെന്നും ഈ നോട്ടീസിൽ വാദിക്കുന്നുണ്ട്.
ഇത് യാതൊരു അടിസ്‌ഥാനവും ഇല്ലാത്ത ആരോപണമാണ്. ഇന്ത്യയിൽ നൽകുന്ന കോവിഡ് വാക്‌സിൻ മാനസിക രോഗികൾക്ക് ദോഷം ചെയ്യും എന്നതിന് തെളിവുകളൊന്നുമില്ല.
- പ്രമേഹ രോഗികൾ വാക്‌സിൻ എടുക്കരുത് എന്നാണ് ഈ നോട്ടീസ് മുന്നോട്ടുവെക്കുന്ന മറ്റൊരു വാദം. എന്നാൽ ഇതിലെ വസ്‌തുത ഇതാണ്;
കോവിഡ് വളരെ പെട്ടന്ന് പിടിപെടാൻ സാധ്യതയുള്ളതിനാൽ വാക്‌സിനേഷന്റെ ഒന്നാം ഘട്ടത്തിൽ ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം പ്രഥമ പരിഗണന നൽകിയത് 50 വയസിന് താഴെയുള്ള, ഉയർന്ന രക്‌ത സമ്മർദ്ദം / പ്രമേഹം / എച്ച്ഐവി / കാൻസർ / ഹൃദയ രോഗങ്ങൾ എന്നിവയുള്ളവർക്കായിരുന്നു എന്നതാണ് ഇതിന്റെ യാഥാർഥ്യം. പ്രമേഹ രോഗികൾ കൂടുതൽ അപകട സാധ്യത ഉള്ളവരാണെന്നും എത്രയും വേഗം വാക്‌സിൻ എടുക്കണമെന്നുമാണ് വിദഗ്‌ധർ നിർദേശിക്കുന്നത്.
അതിനാൽ, സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ നോട്ടീസ് ഉന്നയിക്കുന്ന എല്ലാ അവകാശവാദങ്ങളും തെറ്റാണെന്നും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വ്യക്‌തമാണ്. സെറം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക്, ലോകാരോഗ്യ സംഘടന, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം എന്നിവ പുറത്തുവിട്ട ഡാറ്റാഷീറ്റിൽ ആർക്കെല്ലാം വാക്‌സിൻ എടുക്കാം, ആരെല്ലാം എടുക്കരുത് എന്ന് കൃത്യമായി പറയുന്നുണ്ട്. അതുകൊണ്ട് ഇത്തരം വ്യാജ പ്രചാരണങ്ങളിൽ വീഴാതിരിക്കുക. സർക്കാരും ആരോഗ്യ മന്ത്രാലയവും പുറപ്പെടുവിക്കുന്ന അറിയിപ്പുകൾ മാത്രം പിന്തുടരുക, വിശ്വസിക്കുക.
Most Read: കുട്ടികളിലെ കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ ആറ് മാസത്തിനുള്ളില്‍ മാറുമെന്ന് പഠനം







































