ചെന്നൈ: ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമിയുടെ സാഹിത്യ പുരസ്‌കാരം സ്വീകരിക്കില്ലെന്ന് തമിഴ് കവി വൈരമുത്തു. ലൈംഗിക പീഡന ആരോപണം നേരിടുന്ന വൈരമുത്തുവിന് പുരസ്‌കാരം നല്‍കുന്നതിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നു വന്നത്. ഇതോടെയാണ് പുരസ്‌കാരം വേണ്ടെന്ന് വൈരമുത്തു അറിയിച്ചത്. തന്നെ പരിഗണിച്ചതില്‍ നന്ദിയുണ്ടെന്നും പുരസ്‌കാര തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
17 സ്‌ത്രീകള്‍ വൈരമുത്തുവിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. സഹപ്രവര്‍ത്തകരെ അതിക്രമങ്ങൾക്ക് ഇരയാക്കി സൃഷ്‌ടിക്കപ്പെടുന്ന കല ആഘോഷിക്കപ്പെടണോ എന്നാണ് വുമൺ ഇൻ സിനിമ കളക്‌റ്റീവ് വിമർശിച്ചത്. തമിഴ് കവിയും ആക്‌ടിവിസ്‌റ്റുമായ മീന കന്ദസാമി, ഗായിക ചിന്‍മയി എന്നിങ്ങനെ തമിഴകത്തുനിന്നും നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു.
എന്നാല്‍ വൈരമുത്തുവിനെ അവാര്‍ഡിന് പരിഗണിച്ചതില്‍ തെറ്റില്ലെന്നായിരുന്നു സംവിധായകനും ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമിയുടെ ചെയര്‍മാനുമായ അടൂര്‍ ഗോപാലകൃഷ്‌ണന്റെ പ്രതികരണം. ഒരാളുടെ സ്വഭാവ ഗുണം പരിശോധിച്ചിട്ട് കൊടുക്കാവുന്ന അവാര്‍ഡല്ല ഒഎന്‍വി സാഹിത്യ പുരസ്‌കാരം. എഴുത്തിന്റെ മികവ് പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നതെന്നും അല്ലെങ്കില്‍ പിന്നെ സ്വഭാവഗുണത്തിന് പ്രത്യേക അവാര്‍ഡ് കൊടുക്കണമെന്നും അടൂര്‍ പറഞ്ഞിരുന്നു.
Read also: കെ സുധാകരൻ കെപിസിസി അധ്യക്ഷനാകണം; നിര്‍ദ്ദേശിച്ച് രാഹുല്‍ ഗാന്ധി







































