കൊച്ചി: ഇടുക്കി വണ്ടിപ്പെരിയാറിൽ 6 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പോലീസിനെ വിമർശിച്ച് ഹൈക്കോടതി. കടുത്ത ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ഒഴിവാക്കിയാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത് എന്ന് കോടതി കുറ്റപ്പെടുത്തി. പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമമമാണ് കുറ്റപത്രത്തിൽ ചേർക്കാതിരുന്നത്. എസ്സി എസ്ടി 325ആം വകുപ്പ് എന്തുകൊണ്ട് ഒഴിവാക്കിയെന്ന് അറിയിക്കാൻ ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. ഹൈക്കോടതിയിൽ പെൺകുട്ടിയുടെ കുടുംബം നൽകിയ അപ്പീൽ പരിഗണിക്കവെയാണ് കോടതിയുടെ വിമർശനം.
കേസിൽ കഴിഞ്ഞ വർഷം സെപ്റ്റംബർ 20നാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. ബലാൽസംഗം, കൊലപാതകം, പോക്സോ എന്നീ വകുപ്പുകളാണ് പ്രതി അർജുനെതിരെ ചുമത്തിയിരിക്കുന്നത്. പ്രതി തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു. 65 സാക്ഷികൾ അടങ്ങുന്ന 300 പേജുള്ള കുറ്റപത്രത്തിൽ 250ഓളം പേരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.
ജൂലൈ നാലിനാണ് ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട ആറു വയസുകാരിയുടെ അയൽവാസിയായ പ്രതി അർജുനെ പോലീസ് പിടികൂടുന്നത്. പ്രതിയെ പിടികൂടി 78 ദിവസത്തിന് ശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്. വണ്ടിപ്പെരിയാർ സിഐ സുനിൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. മുട്ടം പോക്സോ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
കഴിഞ്ഞ ജൂൺ 30ആം തീയതിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. വണ്ടിപ്പെരിയാർ ചൂരക്കുളം എസ്റ്റേറ്റിലെ ചെലത്ത് ലയത്തിൽ താമസിക്കുന്ന കുട്ടിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൂന്ന് വർഷത്തോളമായി പ്രതി പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
പെൺകുട്ടിയുടെ കുടുംബവുമായി നല്ല ബന്ധം ഉണ്ടായിരുന്ന പ്രതി അത് മുതലെടുത്താണ് കുട്ടിയെ പീഡനത്തിനിരയാക്കിയത്. സംഭവം നടക്കുന്ന ദിവസം പെൺകുട്ടിയുടെ മാതാപിതാക്കൾ ജോലിക്ക് പോയ സമയത്ത് വീട്ടിലെത്തിയ പ്രതി കുട്ടിയെ പീഡിപ്പിക്കുകയും, ബോധരഹിതയായപ്പോൾ ഷാൾ ഉപയോഗിച്ച് കെട്ടിത്തൂക്കുകയുമായിരുന്നു.
Most Read: ഹൃതികക്കായി കൈകോർത്ത് ഒരു നാട്; 5 ദിവസംകൊണ്ട് സമാഹരിച്ചത് 90 ലക്ഷം രൂപ









































