കൊച്ചി: ഡി ലിറ്റ് വിവാദത്തില്‍ രമേശ് ചെന്നിത്തലയെ തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുതിര്‍ന്ന നേതാവായ ചെന്നിത്തലക്ക് അഭിപ്രായം പറയാം. എന്നാല്‍ താനും കെപിസിസി പ്രസിഡണ്ടും പറയുന്നതാണ് പാര്‍ട്ടി നിലപാട്. ഡി ലിറ്റ് വിഷയത്തില്‍ പാര്‍ട്ടിയില്‍ ഭിന്നതയില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.
” രമേശ് ചെന്നിത്തല മുന്‍ പ്രതിപക്ഷ നേതാവും കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളിൽ ഒരാളുമാണ്. ഈ വിഷയത്തില്‍ അദ്ദേഹം അഭിപ്രായം പറയാന്‍ പാടില്ലെന്ന് ഞാൻ പറയില്ല. ഏകീകൃതമായ അഭിപ്രായം ഞാൻ പറഞ്ഞതാണ്. കെപിസിസി പ്രസിഡണ്ടും അതുതന്നെ പറഞ്ഞിട്ടുണ്ട്. അതാണ് കോണ്‍ഗ്രസിന്റെ അഭിപ്രായം,” – വിഡി സതീശന്‍ പറഞ്ഞു.
കോണ്‍ഗ്രസിലെ നേതാക്കളുമായി ചര്‍ച്ച ചെയ്‌താണ് അഭിപ്രായം പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി പ്രസിഡണ്ടും പ്രതിപക്ഷ നേതാവും രണ്ട് അഭിപ്രായം പറഞ്ഞിട്ടില്ല. ഇതുവരെ ഒരു കാര്യത്തിലും രണ്ടഭിപ്രായം പറഞ്ഞിട്ടില്ല. കൂടിയാലോചന നടത്തി ഒറ്റ അഭിപ്രായമേ പറയാറുള്ളൂവെന്നും അദ്ദേഹം വ്യക്‌തമാക്കി.
ഗവര്‍ണര്‍ പദവി ദുരുപയോഗം ചെയ്‌തെന്ന് ആവർത്തിച്ച പ്രതിപക്ഷ നേതാവ്, നിയമന വിഷയങ്ങളൊന്നും വിസിയുടെ ചെവിയില്‍ പറയേണ്ടതല്ലെന്നും വിമര്‍ശിച്ചു. ഗവർണർ വിമര്‍ശനത്തിന് അതീതനല്ലെന്നും സര്‍ക്കാര്‍ നിര്‍ബന്ധിക്കുമ്പോള്‍ അതിനനുസരിച്ച് പ്രവര്‍ത്തിച്ച അദ്ദേഹവും കുറ്റക്കാരനാണെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.
Most Read: അവഗണന തുടരുന്നു; സർക്കാരിനെതിരെ വീണ്ടും എൻഎസ്‌എസ്