കവരത്തി: പുതിയ നിയമ പരിഷ്കാരങ്ങളിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ഇന്ന് ലക്ഷദ്വീപിൽ എത്തുമെന്ന് സൂചന. ദ്വീപിലെത്തുന്ന അഡ്മിനിസ്ട്രേറ്ററെ നേരിൽ കാണാനാണ് ദ്വീപിലെ ബിജെപി നേതാക്കളെയടക്കം ഉൾപ്പെടുത്തി രൂപീകരിച്ച കോർ കമ്മിറ്റിയുടെ തീരുമാനം. അനുകൂല നിലപാടുണ്ടായില്ലെങ്കിൽ വിവിധ സംഘടനകളുടെ പിന്തുണയോടെ ഡെൽഹിയിലേക്ക് പ്രതിഷേധം നീട്ടാനാണ് ആലോചന.
അതേസമയം, ഇന്ന് മുതൽ ദ്വീപിൽ സന്ദർശകരെ അനുവദിക്കില്ല. അഡ്മിനിസ്ട്രേഷന്റെ പ്രത്യേക അനുമതിയുള്ളവർക്ക് മാത്രമേ ദ്വീപിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. നിലവിൽ സന്ദർശനത്തിന് എത്തിയവരുടെ പാസ് നീട്ടണമെങ്കിലും അഡ്മിനിസ്ട്രേഷന്റെ അനുമതി വേണം. കോവിഡ് വ്യാപനത്തിന്റെ പേരിലാണ് പുതിയ നിയന്ത്രണമെന്നാണ് വിശദീകരണം.
ഇതിനിടെ, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് മുൻ അഡ്മിനിസ്ട്രേറ്റർ ഉമേഷ് സൈഗാൾ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. പുതിയ തീരുമാനങ്ങൾ ദ്വീപിലെ സമാധാന അന്തരീക്ഷം തകർക്കുമെന്ന് സൈഗാൾ ആരോപിച്ചു.
ഗുണ്ടാ ആക്ടും അംഗനവാടികൾ അടച്ചുപൂട്ടിയതും മൽസ്യ തൊഴിലാളികളുടെ ഷെഡുകൾ പൊളിച്ചു മാറ്റിയതും തെറ്റായ നടപടികളാണ്. അഡ്മിനിസ്ട്രേറ്റർക്ക് പ്രത്യേക അജണ്ടയുള്ളതായി സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് അയച്ച കത്തിലാണ് സൈഗാളിന്റെ പരാമർശം.
Most Read: പ്രവാസികളുടെ വാക്സിനേഷൻ; ഒടിപി ലഭിക്കുന്നതിലെ പ്രശ്നം ഉടൻ പരിഹരിക്കും; മുഖ്യമന്ത്രി








































