തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ കേസിൽ അനുപമയുടേത് ന്യായമായ ആവശ്യമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. ഇക്കാര്യത്തിൽ പോലീസിന്റെയും ശിശുക്ഷേമ സമിതിയുടെയും റിപ്പോർട്ടിന് ശേഷം നടപടി സ്വീകരിക്കുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പ്രതികരിച്ചു.
സംഭവത്തിൽ ശിശുക്ഷേമ സമിതിയും സിഡബ്ള്യുസിയും ഒത്തുകളിക്കുന്നുവെന്ന് ആരോപിച്ച് അനുപമ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ശിശുക്ഷേമ സമിതിയും സിഡബ്ള്യുസിയും പറയുന്നതിൽ ആശയക്കുഴപ്പമുണ്ട്. ഇരുവരും പരസ്പരം പഴിചാരുകയാണ്. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജു ഖാന്റെ മാത്രം തെറ്റാണ് എന്നാണ് സിഡബ്ള്യുസിയുടെ നിലപാടെന്നും ഇത് അംഗീകരിക്കാൻ ആവില്ലെന്നും അനുപമ പറഞ്ഞിരുന്നു. സിഡബ്ള്യുസിയുടെ ഭാഗത്തും തെറ്റുണ്ട്. സമരം തുടരുമെന്നും അനുപമ വ്യക്തമാക്കിയിരുന്നു.
അതേസമയം, കേസിൽ ഒന്നാം പ്രതിയായ അനുപമയുടെ പിതാവ് ജയചന്ദ്രൻ മുൻകൂർ ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. വ്യാഴാഴ്ച ജാമ്യാപേക്ഷ പരിഗണിക്കും.
താനറിയാതെ വ്യാജ രേഖകളുണ്ടാക്കി കുഞ്ഞിനെ ദത്തു നൽകിയെന്നാണ് മാതാപിതാക്കള്‍ക്കും സഹോദരിക്കുമെതിരെ അനുപമ നൽകിയ പരാതി. ഈ കേസിൽ അനുപമയുടെ മാതാവ് ഉൾപ്പടെ അഞ്ചു പ്രതികള്‍ക്ക് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. ജയചന്ദ്രൻ മാത്രം മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചിരുന്നില്ല. കേസന്വേഷണം ഊർജ്ജിതമാകുന്നതിടെ ആണ് ഒന്നാം പ്രതി ജയചന്ദ്രൻ ജാമ്യാപേക്ഷ നൽകിയത്.
Most Read: ലിംഗ ഭേദമില്ലാതെ കുട്ടികൾക്ക് വസ്ത്രധാരണം ചെയ്യാൻ കഴിയണം; വനിത കമ്മീഷൻ അധ്യക്ഷ







































