ഗുജറാത്ത്: അത്യപകടകരമായ രീതിയിലേക്ക് കോവിഡ് വർധിക്കുന്ന ഗുജറാത്തിൽ ‘യാഗപൂജ’ കൊണ്ട് കോവിഡിനെ പ്രതിരോധിക്കാൻ ആര്യസമാജം രംഗത്ത്. വൈറസിനെ തുടച്ചുനീക്കാൻ ഹിന്ദുത്വ സംഘടനയുടെ ‘യാഗം’ കോവിഡ് ആശുപത്രിയിലാണ് നടന്നത്.
ഗുജറാത്തിലെ ഏറ്റവും വലിയ കോവിഡ് ആശുപത്രിയിലാണ് ആര്യസമാജം അംഗങ്ങളുടെ നേതൃത്വത്തിൽ ആശുപത്രി അധികൃതരുടെ നിർദേശ പ്രകാരം ‘യാഗം’ നടന്നത്. ന്യൂ സിവിൽ ഹോസ്പിറ്റൽ എന്ന ആധുനിക ആശുപത്രിയിലാണ് ഡോക്ടർമാരുടെയും മറ്റു മെഡിക്കൽ സ്റ്റാഫുകളുടെയും സഹകരണത്തിൽ ആര്യസമാജം യാഗം നടത്തിയത്.
ആശുപത്രി നേതൃത്വം തന്നെയാണ് യാഗം ചെയ്യാനായി ഇവരെ വിളിച്ചത്. നേരത്തെ കുരുക്ഷേത്ര, രാംനാഥ് ഘേല, അശ്വിനി കുമാർ ശ്മശാനങ്ങളിലും യാഗം നടത്തിയിരുന്നതായി ആര്യസമാജ് പ്രസിഡണ്ട് ഉമാശങ്കർ ആര്യ അവകാശപ്പെട്ടു. യാഗത്തിൽ പങ്കെടുത്ത മുഖ്യ പുരോഹിതനൊഴികെ മറ്റെല്ലാവരും മാസ്ക് ധരിച്ചിരുന്നതായും ആശുപത്രിക്ക് അകത്തല്ല യാഗം നടന്നതെന്നും കാമ്പസിനകത്താണ് യാഗം നടന്നതെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
രാജ്യത്ത് കോവിഡ് വ്യാപനം രുക്ഷമായിരിക്കെ മാസ്ക് പോലും ധരിക്കാതെ കോവിഡിനെ തുരത്താൻ വിമാനത്താവളത്തിൽ പൂജ നടത്തി മധ്യപ്രദേശ് ടൂറിസം മന്ത്രി ഉഷാ ഠാക്കൂർ മുൻപ് ശ്രദ്ധനേടിയിരുന്നു. ഇൻഡോർ വിമാനത്താവളത്തിലെ ദേവി അഹല്യ ഭായ് ഹോൽക്കറുടെ പ്രതിമക്ക് മുന്നിലായിരുന്നു കോവിഡിനെ തുരത്താനുള്ള മന്ത്രിയുടെ പൂജ അരങ്ങേറിയത്.
സംസ്ഥാനത്ത് കോവിഡ് മരണങ്ങളും കുതിച്ചുയരുകയാണ്. സർക്കാർ ആശുപത്രിക്കു മുൻപിൽ രോഗികളെ വഹിച്ചുള്ള ആംബുലൻസുകളുടെ നീണ്ട നിരയാണ്. ഇന്നലെ മാത്രം സംസ്ഥാനത്ത് ഔദ്യോഗികമായി 55 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ അഹമ്മദാബാദിലെ സിവിൽ ഹോസ്പിറ്റലിൽ നിന്നു മാത്രം 63 മൃതദേഹങ്ങളാണ് പുറത്തേക്ക് കൊണ്ടുപോയതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ പറയുന്നു.
Most Read: അയോദ്ധ്യകേസിലെ 32 പ്രതികളെയും വെറുതെ വിട്ട ജഡ്ജി സുരേന്ദ്രകുമാര് യാദവ് ഉപലോകായുക്ത തലവൻ








































