ലക്നൗ: സ്ത്രീ സുരക്ഷയും പുരോഗമനവും സർക്കാരിന്റെ കടമയും ഉത്തരവാദിത്തവുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹത്രസ് കൂട്ടബലാത്സംഗത്തെ തുടർന്ന് യുപി സർക്കാരിനെതിരെ പ്രതിഷേധം വ്യാപകമായതോടെയാണ് പ്രസ്താവനയുമായി യോഗി രംഗത്തെത്തിയത്.
Read Also: ‘ഇതാണോ ജനാധിപത്യം? ഇതാണോ നിയമ വാഴ്ച’; യോഗി ആദിത്യ നാഥിനെതിരെ പ്രശാന്ത് ഭൂഷണ്
പെൺകുട്ടികളെയോ അമ്മമാരെയോ ആരെങ്കിലും ഉപദ്രവിക്കാൻ ആലോചിക്കുന്നുണ്ടെങ്കിൽ അവരുടെ നാശം ആരംഭിച്ചു കഴിഞ്ഞു. ഭാവിയിലേക്ക് മാതൃകയാകുന്ന തരത്തിലുള്ള ശിക്ഷയായിരിക്കും അവർക്ക് ലഭിക്കുക. ഇത് സർക്കാരിന്റെ പ്രതിജ്ഞയും ഉത്തരവാദിത്തവുമാണെന്ന് യോഗി പറഞ്ഞു.
കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബവുമായി വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി സംസാരിക്കുകയും 25 ലക്ഷം രൂപ ധനസഹായം ഉറപ്പ് നൽകുകയും ചെയ്തു. ഹത്രസിലെ സംഭവത്തിന് പിന്നാലെ യുപിയിൽ 14ഉം 11ഉം വയസുള്ള പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് പുതിയ പ്രസ്താവനയുമായി യോഗി ആദിത്യനാഥ് എത്തിയത്.






































