ന്യൂ ഡെല്‍ഹി : രാജ്യത്ത് അണ്‍ലോക്ക് അഞ്ചിന്റെ ഭാഗമായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കും. അണ്‍ലോക്ക് അഞ്ചിന്റെ ഭാഗമായി നല്കുന്ന ഇളവുകളുടെ കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന രോഗികളുടെ എണ്ണത്തിലെ കുറവ് ആശ്വാസം പകരുന്നതാണ്.
നാളെയോ മറ്റന്നാളോ കേന്ദ്രസര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിനിമ തീയറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം ഉണ്ടായിട്ടില്ല. ചര്‍ച്ചകള്‍ക്ക് ശേഷം അന്തിമ തീരുമാനം എടുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. സ്കൂളുകളും കോളേജുകളും ഉടന്‍ തുറക്കില്ലെങ്കിലും ലാബുകളുടെ പ്രവര്‍ത്തനത്തിന് ഉള്‍പ്പെടെ ഉന്നത വിദ്യാഭ്യാസത്തിന് കൂടുതല്‍ ഇളവുകള്‍ നല്കാന് സാധ്യതയുണ്ട്.
സിനിമ തീയറ്ററുകള്‍ നിയന്ത്രണങ്ങളോടെ തുറക്കാന്‍ അനുമതി നല്കിയാല് അത് സാമ്പത്തികമായി ഗുണം ചെയ്യില്ലെന്ന് സംഘടനകള്‍ അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു കൊണ്ട് തീയറ്ററുകള്‍ തുറക്കാന്‍ അനുമതി നല്കുന്ന കാര്യത്തിലും സംശയം നിലനില്‍ക്കുന്നുണ്ട്. തീയറ്ററുകള്‍ക്ക് ഒപ്പം തന്നെ നീന്തല്‍ കുളങ്ങള്‍, എന്റര്‍ടൈന്‍മെന്റ് പാര്‍ക്കുകള്‍ എന്നിവക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്നതിനെ സംബന്ധിച്ചും കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുകയാണ്.
Read also : ഭാഗ്യലക്ഷ്മിയുടെ പ്രതികരണത്തിൽ സന്തോഷം; പിന്തുണച്ച് കെകെ ശൈലജ







































