ലഖ്നൗ: മാസങ്ങൾക്കുള്ളിൽ നടക്കാനിരിക്കുന്ന യുപി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ഒരുക്കങ്ങൾക്ക് താൻ മേൽനോട്ടം വഹിക്കുമെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് വാരണാസിയിൽ. 403 മണ്ഡലങ്ങളുടെ ചുമതലയുള്ളവരുടെയും മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെയും യോഗത്തിൽ അമിത് ഷാ പങ്കെടുക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്സഭാ മണ്ഡലത്തിൽ നടക്കുന്ന യോഗത്തിൽ പാർട്ടിയുടെ 98 ജില്ലാതല നേതാക്കളും പ്രാദേശിക യൂണിറ്റ് പ്രസിഡണ്ടുമാരും, സംസ്ഥാന നേതാക്കളും ദേശീയ വൈസ് പ്രസിഡണ്ട് രാധാ മോഹൻ സിംഗ്, സംസ്ഥാനത്തിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ, യുപി ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ദിനേശ് ശർമ എന്നിവരും പങ്കെടുക്കുന്നുണ്ട്.
“സംസ്ഥാനത്തുടനീളമുള്ള എല്ലാ സംഘടനാ പ്രവർത്തകരെയും അമിത് ഷാ അഭിസംബോധന ചെയ്യും. അവരിൽ ചിലരുമായി അദ്ദേഹം ആശയവിനിമയം നടത്തുകയും തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെക്കുറിച്ച് അഭിപ്രായം തേടുകയും ചെയ്യും. തിരഞ്ഞെടുപ്പു പരിപാടികളുടെയും പ്രവർത്തനങ്ങളുടെയും റോഡ്മാപ്പ് ഇന്ന് ചേരുന്ന യോഗത്തിൽ ഉണ്ടായേക്കും,”- ബിജെപി നേതാവ് പറഞ്ഞു.
ഒക്ടോബർ 29ന് സംസ്ഥാനത്തെ ബിജെപി മെമ്പർഷിപ് ഡ്രൈവിന് തുടക്കം കുറിക്കാൻ അമിത് ഷാ ലഖ്നൗവിൽ എത്തിയിരുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യോഗി ആദിത്യനാഥ് പാർട്ടിയുടെ മുഖ്യമന്ത്രി മുഖമാകുമെന്ന് അദ്ദേഹം അന്ന് പ്രഖ്യാപിച്ചിരുന്നു.
“മോദിജിയുടെ നേതൃത്വത്തിൽ നമ്മൾ വിജയിക്കേണ്ട 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അടിത്തറ പാകുന്നത് 2022ലെ യുപി നിയമസഭാ തിരഞ്ഞെടുപ്പാണ്. 2024ൽ മോദിജി പ്രധാനമന്ത്രിയായി തിരിച്ചെത്തണമെങ്കിൽ 2022ൽ യോഗിജിയെ വീണ്ടും മുഖ്യമന്ത്രിയാക്കണമെന്ന് യുപിയിലെ ജനങ്ങളോട് ഞാൻ അഭ്യർഥിക്കുന്നു. എങ്കിൽ മാത്രമേ രാജ്യത്തിന് പുരോഗതിയുണ്ടാകൂ,”- എന്നായിരുന്നു അമിത് ഷാ പറഞ്ഞത്.
Most Read: ലഖിംപൂര് അന്വേഷണ മേല്നോട്ടത്തിന് വിരമിച്ച ജഡ്ജി; സുപ്രീം കോടതി തീരുമാനം ഇന്ന്








































