ചെന്നൈ: S1, S1 പ്രോ ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ ആദ്യ സെറ്റ് ഈ ആഴ്‌ച മുതല്‍ ഉപഭോക്‌താക്കള്‍ക്ക് കൈമാറുമെന്ന വാഗ്‌ദാനം നിറവേറ്റാനൊരുങ്ങി ഒല ഇലക്‌ട്രിക്. നേരത്തെ പ്രഖ്യാപിച്ചതുപോലെ, തമിഴ്‌നാട് ആസ്‌ഥാനമായുള്ള ഇവി സ്‌റ്റാര്‍ട്ടപ്പ് ഡിസംബര്‍ 15 ബുധനാഴ്‌ച മുതല്‍ ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ വിതരണം ആരംഭിക്കും.
വിതരണ പ്രക്രിയക്ക് മുന്നോടിയായി ഒല ഇലക്‌ട്രിക് ഇതിനകം തന്നെ 30,000 ടെസ്‌റ്റ് റൈഡുകള്‍ ഉപഭോക്‌താക്കള്‍ക്ക് വേണ്ടി നടത്തിയതായി കമ്പനി അറിയിച്ചു. S1, S1 പ്രോ ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ ടെസ്‌റ്റ് റൈഡുകള്‍ക്കായി കൂടുതല്‍ നഗരങ്ങള്‍ ഉടന്‍ ഉള്‍പ്പെടുത്തുമെന്നും കമ്പനി വ്യക്‌തമാക്കിയിട്ടുണ്ട്.
ഒല ഇലക്‌ട്രിക്കിന്റെ സിഇഒയും സഹസ്‌ഥാപകനുമായ ഭവിഷ് അഗര്‍വാള്‍, തമിഴ്‌നാട് ആസ്‌ഥാനമായുള്ള ഫ്യൂച്ചര്‍ ഫാക്‌ടറിയില്‍ ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ ഉല്‍പാദനത്തിന്റെയും അസംബ്ളി ലൈനിന്റെയും ഒരു ദൃശ്യം പങ്കിട്ടാണ് പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
ഒക്‌ടോബര്‍ 25നും നവംബര്‍ 25നും ഇടയില്‍ ആദ്യ ബാച്ച് ഡെലിവറികള്‍ നടക്കുമെന്ന് ഒല ഇലക്‌ട്രിക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ തീയതി പിന്നീട് ഡിസംബർ മാസത്തിലേക്ക് മാറ്റേണ്ടി വരികയായിരുന്നു. ഉപഭോക്‌താക്കളുടെ ഈ കാത്തിരിപ്പിന് ക്ഷമ ചോദിച്ച് ഭവിഷ് അഗര്‍വാള്‍ നേരത്തെ ട്വീറ്റ് പങ്കുവെച്ചിരുന്നു.
Read Also: കൂടുതൽ ചർച്ചകൾ നടത്തും; സമരം തുടരുമെന്ന് പിജി ഡോക്‌ടർമാർ








































