തിരുവനന്തപുരം: നിർദ്ദിഷ്‌ട സെമി ഹൈസ്‌പീഡ് റെയിൽ ലൈൻ പദ്ധതിയായ സിൽവർ ലൈൻ പദ്ധതിക്കെതിരെ എടുത്ത് ചാടേണ്ടതില്ലെന്ന് തിരുവനന്തപുരം എംപി ശശി തരൂർ. തന്റേത് വ്യക്‌തിപരമായ നിലപാടാണെന്ന് വിശദീകരിച്ച അദ്ദേഹം സിൽവർ ലൈൻ പദ്ധതിക്ക് രണ്ട് വശമുണ്ടെന്നും പറഞ്ഞു. ഇക്കാര്യത്തിൽ സുതാര്യമായ ചർച്ചയാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
സെമി ഹൈസ്‌പീഡ് റെയിൽ പദ്ധതിയായ സിൽവർലൈനുമായി ബന്ധപ്പെട്ട പ്രതിപക്ഷ നിവേദനത്തിൽ ഇന്നലെ ശശി തരൂർ എംപി ഒപ്പുവെച്ചിരുന്നില്ല. എന്നാൽ കെ-റെയിൽ പദ്ധതിക്കെതിരായി യുഡിഎഫ് എംപിമാർ കേന്ദ്ര റെയിൽവെ മന്ത്രിക്ക് നൽകിയ ഈ നിവേദനത്തിൽ ഒപ്പിടാതിരുന്നത് പദ്ധതിയെ പിന്തുണക്കുന്നത് കൊണ്ടല്ലെന്ന് അദ്ദേഹം ഇന്നലെ പറഞ്ഞിരുന്നു.
കെ-റെയിൽ പദ്ധതിയെ കുറിച്ച് പഠിക്കാതെ എതിർക്കാനില്ലെന്ന നിലപാടാണ് തരൂർ സ്വീകരിച്ചിരിക്കുന്നത്. പദ്ധതിയെ കുറിച്ച് പഠിക്കാൻ കൂടുതൽ സമയം വേണമെന്നാണ് തന്റെ നിലപാട്. നിവേദനത്തിൽ ഒപ്പിടാത്തതിന് കാരണം പദ്ധതിയെ അനുകൂലിക്കുന്നത് കൊണ്ടാണെന്ന വ്യാഖ്യാനം ആരും നൽകേണ്ട. സംസ്‌ഥാന സർക്കാർ ഇക്കാര്യത്തിൽ കൂടുതൽ വ്യക്‌തത വരുത്തണമെന്നും തരൂർ ആവശ്യപ്പെട്ടു.
Read Also: കുപ്പിവെള്ളത്തിന്റെ വില കുറച്ച സർക്കാർ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്‌തു