കോഴിക്കോട്: കല്ലായിൽ സിൽവർ ലൈൻ പ്രതിഷേധം ശക്‌തമായതോടെ രണ്ടാം വട്ടവും ഉദ്യോഗസ്‌ഥർ കല്ലിടാതെ മടങ്ങി. നാട്ടുകാരുടെ പ്രക്ഷോഭം കൂടുതൽ കരുത്താർജിച്ചതോടെയാണ് ഉദ്യോഗസ്‌ഥർ സ്‌ഥലത്ത് നിന്ന് മടങ്ങിയത്. കഴിഞ്ഞ ദിവസവും കല്ലിടാൻ കെ റെയിൽ സംഘം കല്ലായിൽ എത്തിയിരുന്നു. എന്നാൽ, നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പിൻവാങ്ങുകയായിരുന്നു.
തുടർന്ന് ഇന്നാണ് ഉദ്യോഗസ്‌ഥർ വീണ്ടും സർവേ കല്ല് സ്‌ഥാപിക്കാൻ എത്തിയത്. ആദ്യഘത്തിൽ റവന്യൂ ഭൂമിയിലാണ് സംഘം കല്ലിടൽ ആരംഭിച്ചത്. തുടർന്ന് സ്വകാര്യ ഭൂമിയിലേക്ക് നീങ്ങിയതോടെയാണ് നാട്ടുകാരും പ്രതിപക്ഷ പാർട്ടികളും ചേർന്ന് ഉദ്യോഗസ്‌ഥരെ തടഞ്ഞത്. പ്രതിഷേധത്തിനിടെ സിൽവർ ലൈൻ സർവേ കല്ലുകൾ കോൺഗ്രസ്, ബിജെപി പ്രവർത്തകർ കല്ലായിപ്പുഴയിലേക്ക് വലിച്ചെറിഞ്ഞു.
സമര സമിതിയും, കോൺഗ്രസ്-ബിജെപി പ്രവർത്തകരും സംഘടിച്ച് പോലീസിനെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയാണുണ്ടായത്. റോഡിൽ മാർക്ക് ചെയ്യാനായി ഉദ്യോഗസ്‌ഥർ കൊണ്ടുവന്ന പെയിന്റ് പ്രവർത്തകർ തട്ടിമറിച്ചതിനെ തുടർന്നും സംഘർഷം ഉണ്ടായി. സംഘർഷം രൂക്ഷമായതോടെ സർവേ സംഘം രാവിലെ മടങ്ങിയിരുന്നു.
എന്നാൽ, പ്രതിഷേധക്കാർ മടങ്ങിപ്പോയെന്ന് കണ്ടതോടെ ഉച്ചതിരിഞ്ഞ് സംഘം വീണ്ടും എത്തുകയായിരുന്നു. ഒരു വീടിനകത്ത് കടന്ന് ഗേറ്റ് അടച്ചിട്ട ശേഷം കല്ലുകൾ ഇടാനുള്ള ശ്രമം നാട്ടുകാരും പ്രതിപക്ഷ പാർട്ടികളും തടഞ്ഞു. തുടർന്ന് വലിയ സംഘർഷമാണ് സ്‌ഥലത്ത് ഉണ്ടായത്. പിന്നീടാണ് ഇന്നത്തെ സർവേ നടപടികൾ നിർത്തിവെച്ചത്. മലപ്പുറം തിരുനാവായയിലും പ്രതിഷേധത്തെ തുടർന്ന് സർവേ നടപടികൾ ഇന്ന് നിർത്തിവെച്ചിരുന്നു.
Most Read: സിപിഎം സെമിനാറിൽ പങ്കെടുക്കരുത്; തരൂരിനും, കെവി തോമസിനും ഹൈക്കമാൻഡിന്റെ മുന്നറിയിപ്പ്








































