കോഴിക്കോട്: അപകടം കെ സ്വിഫ്‌റ്റ് ബസുകളെ വിടാതെ പിന്തുടരുകയാണ്. ഇന്ന് ബസ് വീണ്ടും അപകടത്തിൽപെട്ടു. താമരശ്ശേരി ചുരത്തിൽ ആറാം വളവ് തിരിക്കുന്നതിനിടെ ആയിരുന്നു അപകടം. ബസിന്റെ ഇടതുവശം പാർശ്വഭിത്തിയിൽ തട്ടിയാണ് അപകടമുണ്ടായത്. തിരുവനന്തപുരത്ത് നിന്ന് മാനന്തവാടിയിലേക്കുള്ള ബസ് പുലർച്ചെയാണ് അപകടത്തിൽപെട്ടത്.
തൃശൂരിൽ കെ സ്വിഫ്‌റ്റ് ബസിടിച്ച് ഒരാൾ മരിച്ചിരുന്നു. കുന്നംകുളം മലയാ ജംങ്‌ഷനിലുണ്ടായ അപകടത്തിലാണ് തമിഴ്‌നാട് സ്വദേശി പരസ്വാമിയുടെ മരണം സംഭവിച്ചത്. വ്യാഴാഴ്‌ച പുലര്‍ച്ചെ അഞ്ചര മണിയോടെയാണ് തൃശ്ശൂര്‍- കോഴിക്കോട് റൂട്ടിലോടുന്ന കെ സ്വിഫ്‌റ്റ് ബസ് അപകടത്തില്‍പെട്ടത്.ബസ് കുന്നംകുളം പോലീസ് കസ്‌റ്റഡിയിലെടുത്തു.
തിങ്കളാഴ്‌ച കന്നിയാത്ര നടത്തിയതിന് പിന്നാലെ മൂന്ന് തവണയാണ് കെ സ്വിഫ്‌റ്റ് ബസുകൾ അപകടത്തിൽ പെട്ടത്. നഷ്‌ടങ്ങളുടെ കണക്ക് മാത്രമാണ് കെ സ്വിഫ്‌റ്റിന് ആദ്യ യാത്രയിൽ ബാക്കിയായത്. കന്നിയാത്രയില്‍ ലോറിയുമായി ഉരസി സൈഡ് കണ്ണാടി പൊട്ടിയെങ്കില്‍ തിരിച്ച് പോവുമ്പോള്‍ മലപ്പുറത്ത് നിന്നും സ്വകാര്യ ബസുമായി ഉരസി ഒരു ഭാഗത്തെ പെയിന്റ് മുഴുവൻ പോയിരുന്നു.
തിങ്കളാഴ്‌ച വൈകിട്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കെ സ്വിഫ്‌റ്റിന്റെ ആദ്യ സര്‍വീസുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്‌തത്. കോടികള്‍ വലിയുള്ള ബസുകളാണ് കെ സ്വിഫ്‌റ്റിന്റെ ഭാഗമായി കെഎസ്‌ആര്‍ടിസി റോഡിലിറക്കിയിട്ടുള്ളത്. ഇത്തരത്തിലുള്ള ഒരു ബസ് അപകടത്തില്‍പ്പെടുമ്പോള്‍ വലിയ നഷ്‌ടമാണ് കെഎസ്‌ആർടിസിക്ക് ഉണ്ടാവുക.
Most Read: നടിയെ ആക്രമിച്ച കേസ്; കൂടുതല്‍ സമയം ആവശ്യപ്പെടാന്‍ പ്രോസിക്യൂഷന്‍







































