കൊച്ചി: തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് എഎൻ രാധാകൃഷ്ണനാണ് സ്ഥാനാർഥി. ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് പ്രഖ്യാപനം നടത്തിയത്. ഇതോടെ തൃക്കാക്കരയിലെ പ്രചാരണത്തിന് ചൂടേറും.
തൃക്കാക്കരയിൽ ഇടത് വലത് മുന്നണികൾ വ്യാപക പ്രചാരണത്തിലാണ്. ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ചുകഴിഞ്ഞു. സിറ്റിംഗ് സീറ്റ് നിലനിർത്താൻ എംഎൽഎ ആയിരിക്കെ അന്തരിച്ച പിടി തോമസിന്റെ ഭാര്യ ഉമാ തോമസിനെ തന്നെ രംഗത്തിറക്കി. യുഡിഎഫ് ആദ്യമെത്തിയെങ്കിലും ഡോ. ജോ ജോസഫിനെ അവതരിപ്പിച്ച് എൽഡിഎഫും പോരാട്ടം കടുപ്പിച്ചിരിക്കുകയാണ്. അവധി ദിവസമായ ഇന്ന് യുഡിഎഫ്, എൽഡിഎഫ് സ്ഥാനാർഥികൾ രാവിലെ മുതൽ പരമാവധി വോട്ടർമാരെ കാണാൻ ഇറങ്ങും. ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചും പ്രചാരണം നടക്കും.
തൃക്കാക്കരയിൽ എഎപി കൂടി മൽസര രംഗത്തുണ്ടാകുമോ എന്നതാണ് ഇനി അറിയാനുള്ള മറ്റൊരു കാര്യം. തിരഞ്ഞെടുപ്പിൽ എഎപിയുടെ സ്ഥാനാർഥിയെ നിർത്തുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഇതുവരെ ദേശീയ നേതൃത്വം എടുത്തിട്ടില്ലെന്നാണ് വിവരം. ട്വന്റി 20യുമായി ആലോചിച്ച ശേഷമാകും തീരുമാനം. ഇടത് സ്ഥാനാർഥിയുടെ സഭാ ബന്ധത്തിലൂന്നിയ ചർച്ചയാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഇതുവരെ ഏറ്റവും സജീവമായിട്ടുള്ളത്.
Most Read: ഒരു ‘കുഞ്ഞ്’ പേരിന് ഏഴ് ലക്ഷം രൂപയോ? പേരിടൽ തൊഴിലാക്കി ലക്ഷങ്ങൾ സമ്പാദിച്ച് യുവതി