‘ഒരു രാത്രിക്ക് 500’; ഓൺലൈൻ ലോണെടുത്ത യുവതിക്കെതിരെ അപകീർത്തി പ്രചാരണം, ഭീഷണി

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: ഓൺലൈൻ ലോൺ ആപ്പുകൾക്കെതിരെ വ്യാപകമായി മുന്നറിയിപ്പുകൾ അധികൃതർ നൽകിയിട്ടുണ്ടെങ്കിലും ഈ ചതിക്കുഴിയിൽ വീഴുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചുവരികയാണ്. അത്യാവശ്യ ഘട്ടത്തിൽ ആപ്പുകൾ വഴി കുറഞ്ഞ തുക വായ്‌പയെടുക്കുന്നവരിൽ കൂടുതലും വീട്ടമ്മമാരും യുവാക്കളുമാണ്. പഠനാവശ്യത്തിന് ലോൺ എടുക്കുന്ന പെൺകുട്ടികളും ഇക്കൂട്ടത്തിലുണ്ട്.

ഒരിക്കൽ ലോണെടുത്ത് കഴിഞ്ഞാൽ കുറഞ്ഞ സമയത്തിനുള്ളിൽ പലിശയടക്കം വൻ തുകയാണ് തിരിച്ചടക്കേണ്ടി വരുന്നത്. തുകയടക്കാൻ സാധിച്ചില്ലെങ്കിൽ ഭീഷണിയും അപകീർത്തി പ്രചാരണവുമാകും പിന്നാലെ വരിക. കേരളത്തിൽ നിന്ന് നിരവധി കേസുകൾ ഇതിനോടകം റിപ്പോർട് ചെയ്‌ത് കഴിഞ്ഞു.

ഇൻസ്‌റ്റന്റ് ലോൺ ആപ്പായ ‘ക്വിക്ക് ലോൺ’ വഴി 2000 രൂപ വായ്‌പയെടുത്ത യുവതിയുടേതാണ് ഒടുവിൽ റിപ്പോർട് ചെയ്‌ത കേസ്. തിരുവനന്തപുരം സ്വദേശിയായ യുവതിയെ വായ്‌പയെടുത്ത കമ്പനി നിരന്തരം ബ്‌ളാക്ക്‌ മെയിൽ ചെയ്യുന്നതായാണ് പരാതി. ലോൺ തിരിച്ചടക്കേണ്ട സമയപരിധി കഴിഞ്ഞതോടെ യുവതിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പരിചയക്കാർക്ക് വാട്‍സ്‌ആപ്പ് സന്ദേശം അയച്ചാണ് ബ്‌ളാക്ക്‌ മെയിലിങ്.

ജോലി ചെയ്‌ത് പഠനം മുന്നോട്ട് കൊണ്ടുപോയ യുവതി രണ്ടാഴ്‌ച മുൻപാണ് ഇൻസ്‌റ്റന്റ് ലോൺ ആപ്പ് കുരുക്കിൽ പെട്ടത്. നീറ്റ് പരീക്ഷക്ക് അപേക്ഷിക്കാൻ അടിയന്തരമായി പണം ആവശ്യമായി വന്നപ്പോൾ ലോൺ ആപ്പ് ഡൗൺലോഡ് ചെയ്യുകയായിരുന്നു. ഫോണിലെ കോൺടാക്‌ടും ഗ്യാലറിയും അടക്കമുള്ള അനുമതിക്കൊപ്പം ആധാർ, പാൻ നമ്പറുകളെല്ലാം നൽകേണ്ടി വന്നു. ഇതോടെ ഫോണിലെ സകല വിവരങ്ങളും തട്ടിപ്പുകാരുടെ കയ്യിലായി.

അക്കൗണ്ടിൽ പണമെത്തി ഒരാഴ്‌ചക്ക് ശേഷം 5000 രൂപ തിരിച്ചടക്കണമെന്ന സന്ദേശം ലഭിച്ചു. തുക അടക്കാത്തതിനെ തുടർന്ന് പിന്നീട് ഭീഷണിയായി. പെൺകുട്ടിയുടെ ഫോട്ടോ ഉൾപ്പടെ വെച്ച് ഫോണിലെ കോൺടാക്‌ടുകൾക്കെല്ലാം അപകീർത്തി സന്ദേശം അയച്ചു.’ഒരു രാത്രിക്ക് 500 രൂപ’ എന്ന അടിക്കുറിപ്പോടെയായിരുന്നു സന്ദേശം. ഇതോടെ മാനസികമായി തളർന്ന പെൺകുട്ടി പരാതി നൽകുകയായിരുന്നു. എന്നാൽ, ഇതുവരെ നടപടിയൊന്നും ഉണ്ടായില്ലെന്ന് യുവതി പറയുന്നു.

ചൈനയിൽ നിന്നുള്ളവരും ഉത്തരേന്ത്യക്കാരും നേതൃത്വം നൽകുന്ന വലിയ ലോബിയാണ് ഇത്തരം ആപ്പുകൾക്ക് പിന്നിലെന്നാണ് വിവരം. മാനഹാനി ഭയന്ന് എട്ട് ലക്ഷം രൂപ വരെ നഷ്‌ടപ്പെട്ടവർ തിരുവനന്തപുരത്ത് തന്നെയുണ്ടെന്ന് സൈബർ സെൽ ഉദ്യോഗസ്‌ഥർ പറയുന്നു. മലയാളി അടക്കം നിരവധി പേർ ചതിക്കുഴിയിൽ പെട്ട് ആത്‌മഹത്യ ചെയ്‌തിട്ടും ഇത്തരം ആപ്പുകളെ നിയന്ത്രിക്കാൻ ഒരു നടപടിയും ഉണ്ടായിട്ടില്ല.

Most Read: സംസ്‌ഥാനത്ത്‌ വ്യാജമദ്യ വിൽപനക്ക് സാധ്യത; കരുതൽ നടപടികൾ തുടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE