തൃശൂർ: എത്യോപ്യയിൽ ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ചതായി പരാതി. തൃശൂർ, മലപ്പുറം ജില്ലകളിൽ നിന്നുള്ള 24 പേരാണ് ഇരകളായത്. വ്യാജ വിസയും ടിക്കറ്റും അയച്ചുനൽകി ഒരാളിൽ നിന്ന് 80000 രൂപയാണ് തട്ടിയത്. നെടുമ്പാശ്ശേരിയിൽ വിമാനം കയറാൻ എത്തിയപ്പോഴാണ് തങ്ങൾ പറ്റിക്കപ്പെട്ടെന്ന വിവരം അറിഞ്ഞത്. തുടർന്ന് തൃശൂർ റൂറൽ പോലീസ് മേധാവിക്ക് പരാതി നൽകി.
ഒരു മാസം മുൻപ് എത്യോപ്യയിലേക്ക് ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന ഓൺലൈൻ പരസ്യം കണ്ടാണ് തട്ടിപ്പിനിരയായവരിൽ ഒരാളായ ഷംസു എയർ ലിങ് എന്ന ഏജൻസിയെ വിളിക്കുന്നത്. 80000 രൂപക്ക് എത്യോപ്യയിലേക്ക് ഡ്രൈവർ, പെയിന്റർ ജോലിക്ക് കയറ്റി അയക്കാമെന്നായിരുന്നു മലയാളിയായ ഏജന്റ് ഷെമീൻ ഷെയ്ക്ക് എന്നയാൾ പറഞ്ഞത്. അൻപതിനായിരം അഡ്വാൻസ് ആയി വാങ്ങി വിസ എന്ന പേരിൽ ഒരു പേപ്പർ അച്ചടിച്ച് നൽകി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് ഡെൽഹിയിലേക്കും അവിടെ നിന്ന് മുംബൈയിലേക്കും പിന്നീട് എത്യോപ്യയിലേക്കുമുള്ള ടിക്കറ്റിന്റെ കോപ്പിയാണ് നൽകിയത്.
വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. ഷംസുവിനെ പോലെ 24 പേരാണ് കബളിപ്പിക്കപ്പെട്ടത്. പരാതിയിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ഏജന്റിന്റെ ഫോൺ സ്വിച്ച് ഓഫ് ആണ്. ഡെൽഹിയിലെ ഓഫീസ് രണ്ടുദിവസം മുൻപ് പൂട്ടിയെന്നാണ് വിവരം. ഉദ്യോഗാർഥികളെ വിശ്വസിപ്പിക്കുന്ന തരത്തിൽ വിസയുടെ കോപ്പിയും ടിക്കറ്റും തയ്യാറാക്കിയത് എങ്ങനെയെന്ന് അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാവുകയുള്ളൂ.
Most Read: മനുഷ്യാവകാശം വേണ്ട, കമ്മീഷൻ പിരിച്ചുവിട്ട് താലിബാൻ








































