കോഴിക്കോട്: ജില്ലയിലെ കൊയിലാണ്ടി അരിക്കുളത്ത് ഐസ്ക്രീം കഴിച്ചു 12 വയസുകാരൻ മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. കുട്ടിയുടെ മരണം കൊലപാതകം ആണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ കുട്ടിയുടെ പിതൃ സഹോദരി താഹിറയെ ഡിവൈഎസ്പി ആർ ഹരിപ്രസാദിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. ഇവർ ഫാമിലി പാക്ക് ഐസ്ക്രീമിൽ വിഷം കലർത്തി കുട്ടിയുടെ വീട്ടിൽ കൊടുക്കുകയായിരുന്നു.
അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകൻ അഹമ്മദ് ഹസൻ റിഫായിയാണ് കഴിഞ്ഞ ഞായറാഴ്ച മരിച്ചത്. ഐസ്ക്രീം കഴിച്ചതിന് പിന്നാലെ ഛർദ്ദിയെ തുടർന്ന് ചികിൽസയിൽ ഇരിക്കെയായിരുന്നു കുട്ടിയുടെ മരണം. ഐസ്ക്രീം കഴിച്ചതിന് പിന്നാലെ അസ്വസ്ഥത അനുഭവപ്പെതിനെ തുടർന്ന് കുട്ടിയെ തൊട്ടടുത്ത പ്രാഥമിക കേന്ദ്രത്തിലും പിന്നീട് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീട് ഛർദ്ദി അതീവ ഗുരുതരവസ്ഥയിലേക്ക് പോയതിനെത്തുടർന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പിന്നാലെ കുട്ടി മരിക്കുകയും ചെയ്തു. ഐസ്ക്രീമിൽ നിന്ന് ഭക്ഷ്യവിഷബാധ ഏറ്റെന്ന സംശയത്തിൽ ആയിരുന്നു തുടക്കം മുതൽ പോലീസും ബന്ധുക്കളും. പിന്നാലെ, ഐസ്ക്രീം വിറ്റ കട അടപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ, കുട്ടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് നിർണായക കണ്ടെത്തലുകൾ ഉണ്ടായത്. ഐസ്ക്രീമിൽ വിഷം കലർന്നതായി കണ്ടെത്തി. തുടർന്ന് കുട്ടിയുടെ പിതാവിന്റെ സഹോദരി താഹിറയെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
ഐസ്ക്രീമിൽ താഹിറ മനഃപൂർവം വിഷം കലർത്തിയെന്നാണ് മൊഴി നൽകിയത്. എന്നാൽ, അത് കുട്ടിയെ ലക്ഷ്യമിട്ടായിരുന്നില്ല. കുട്ടിയുടെ അമ്മയെ ലക്ഷ്യമിട്ടായിരുന്നു എന്നാണ് താഹിറയുടെ മൊഴി. കുട്ടി ഐസ്ക്രീം കഴിക്കുന്ന സമയം മാതാവ് വീട്ടിൽ ഉണ്ടായിരുന്നില്ല. സംഭവുമായി ബന്ധപ്പെട്ട് ശാസ്ത്രീയ പരിശോധനാ ഫലം ഇനിയും വരാനുണ്ട്.
Most Read: വിധിക്ക് സ്റ്റേയില്ല; രാഹുൽ ഇന്നോ നാളെയോ ഔദ്യോഗിക വസതി ഒഴിയും







































