തിരുവനന്തപുരം: യുഎഇ കോൺസുലേറ്റിന്റെ പേരിൽ വന്ന പാർസലുകൾക്ക് നികുതിയിളവ് ലഭിക്കുവാൻ രണ്ട് വർഷമായി അപേക്ഷയൊന്നും ലഭിച്ചിട്ടില്ല എന്ന് സംസ്ഥാന പ്രോട്ടോകോൾ ഓഫീസർ ബി. സുനിൽ കുമാർ കസ്റ്റംസിനെ അറിയിച്ചു. ഇതോടെ മന്തി കെ.ടി. ജലീലിന്റെ വാദങ്ങൾ തെറ്റായിരുന്നു എന്ന് തെളിയുകയാണ്. യുഎഇ കോൺസുലേറ്റിന്റെ പേരിൽ വന്ന പാഴ്‌സലിൽ മതഗ്രന്ഥമാണ് വന്നതെന്ന് മുൻപ് ജലീൽ വിശദീകരണം നൽകിയിരുന്നു. ഇതിന്റെ മറപറ്റി നടത്തിയ അന്വേഷണത്തിൽ പാഴ്‌സലിൽ വന്നത് മതഗ്രന്ഥമാണ് എന്നതിന് യാതൊരു തെളിവുമില്ലായെന്ന് കസ്റ്റംസ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ പ്രോട്ടോകോൾ ഓഫീസറുടെ മൊഴി കൂടി പുറത്ത് വന്നതോടെ ഇത് മന്ത്രിയെ കൂടുതൽ പ്രതിരോധത്തിലാക്കും.
ഡിപ്ലോമാറ്റിക് കാർഗോ വിഭാഗത്തിൽ ഈ വർഷം മാർച്ചിലാണ് പാർസൽ വന്നത്. 4479 കിലോയുള്ള കാർഗോയാണ് എത്തിയത്. കസ്റ്റംസ്, എക്സൈസ് ഡ്യൂട്ടികൾ അടക്കാതെയാണ് കാർഗോ പുറത്തേക്കെത്തിച്ചത്. ഇതിൽ 32 പാക്കറ്റ് മന്ത്രി തന്നെ ചെയർമാനായ സി-ആപ്റ്റിന്റെ കാറിൽ മലപ്പുറത്തെത്തിച്ചു. . ഇതിൽ മതഗ്രന്ഥങ്ങളാണുണ്ടായിരുന്നത് എന്ന ജലീലിന്റെ വാദം എൻഐയും, കസ്റ്റംസും മുഖവിലക്കെടുത്തിരുന്നില്ല. മന്ത്രിയും നയതന്ത്രപ്രാധാന്യമുള്ള ഒരു വിദേശകാര്യ സ്ഥാപനവും തമ്മിലുള്ള ഇത്തരം ഇടപെടലുകൾ നിയമവിരുദ്ധമാണെന്ന് തുടക്കത്തിലേ ആരോപണം ഉയർന്നിരുന്നു. ഇത് സംബന്ധിച്ച റിപ്പോർട്ട് കേന്ദ്രത്തിന്റെ പക്കലുണ്ട്.







































