സിയോൾ: കോവിഡ് വാക്‌സിൻ ലക്ഷ്യമിട്ട് ഉത്തര കൊറിയ സൈബർ ആക്രമണങ്ങൾ നടത്തിയതായി റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ട് ദക്ഷിണ കൊറിയൻ കമ്പനികൾക്ക് നേരെ നടന്ന സൈബർ ആക്രമണ പദ്ധതി തങ്ങൾ തകർത്തതായി ദക്ഷിണ കൊറിയ അവകാശപ്പെട്ടു.
ദക്ഷിണ കൊറിയൻ ദേശീയ ഏജൻസിയെ ഉദ്ദരിച്ച് പാർലമെന്റ് കമ്മിറ്റിയാണ് വെളിപ്പെടുത്തൽ നടത്തിയത്. ഈ മാസം തുടക്കത്തിൽ ഇതുമായി ബന്ധപ്പെട്ട് മൈക്രോസോഫ്റ്റ് മുന്നറിയിപ്പ് നൽകിയിരുന്നു. കൊറിയൻ ഹാക്കർമാർ വാക്‌സിൻ വികസിപ്പിക്കുന്ന കമ്പനികളെ ലക്ഷ്യമിടുന്നു എന്നാണ് അവർ മുന്നറിയിപ്പ് നൽകിയത്.
റഷ്യയുടെയും ഉത്തര കൊറിയയുടെയും സർക്കാരുകൾക്കു വേണ്ടി പ്രവർത്തിക്കുന്ന ഹാക്കർമാർ കാനഡ, ഫ്രാൻസ്, ഇന്ത്യ, ദക്ഷിണ കൊറിയ, യുഎസ് എന്നീ രാജ്യങ്ങളിലെ കോവിഡ് വാക്‌സിൻ നിർമ്മാണ കമ്പനികളുടെ നെറ്റ്‌വർക്കുകളിൽ കടക്കാൻ ശ്രമിച്ചിരുന്നതായാണ് മൈക്രോസോഫ്റ്റ് പറഞ്ഞത്.
അതേസമയം റോയിട്ടേഴ്‌സ് നൽകുന്ന വിവരങ്ങൾ അനുസരിച്ച് ബ്രിട്ടീഷ് കൊവിഡ് വാക്‌സിൻ നിർമ്മാതാക്കളായ ആസ്ട്ര സനെകയെ ഉത്തര കൊറിയൻ ഹാക്കർമാർ ലക്ഷ്യം വച്ചിരുന്നതായാണ് സൂചന.
ആസ്ട്ര സനെകയുടെ സംവിധാനങ്ങളിൽ ഹാക്കർമാർ നുഴഞ്ഞു കയറാൻ പദ്ധതി ഇട്ടിരുന്നതായാണ് റോയിട്ടേസ് റിപ്പോർട്ട് ചെയ്‌തത്. കഴിഞ്ഞ ആഴ്‌ചയാണ് ഹാക്കർമാർ വാക്‌സിൻ നിർമ്മാതാക്കളെ ലക്ഷ്യമിട്ടുള്ള നീക്കം നടത്തിയത്.
Read Also: പുനഃസംഘടനക്ക് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിന് ജമ്മു കശ്‌മീരില്‍ ഇന്ന് തുടക്കം







































