കൊച്ചി: ബേക്കറിയില്‍ ഒട്ടിച്ച ഹലാല്‍ വിഭവങ്ങള്‍ ലഭ്യമെന്ന സ്‍റ്റിക്കര്‍ നീക്കണമെന്ന ഭീഷണിയുമായി ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍. എറണാകുളം കുറുമശേരിയിലെ ബേക്കറിയില്‍ പ്രവര്‍ത്തകര്‍ നേരിട്ടെത്തിയാണ് ഉടമയോട് ഈ ആവശ്യം ഉന്നയിച്ചുളള കത്ത് കൈമാറിയത്. ഉടമയുടെ പരാതിയില്‍ നാല് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.
കുറുമശേരിയിലെ ബേക്കറിയില്‍ ഹലാല്‍ വിഭവങ്ങള്‍ ലഭ്യമെന്ന സ്‍റ്റിക്കര്‍ ഒട്ടിച്ചിരുന്നു. ഇതേതുടര്‍ന്ന് രണ്ടാഴ്‌ച മുമ്പ് പ്രവര്‍ത്തനം തുടങ്ങിയ ബേക്കറിയിലേക്ക് ആലുവ പാറക്കടവ് പഞ്ചായത്ത് സമിതി ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എത്തി. കട ഉടമക്ക് സംഘടനയുടെ ലെറ്റര്‍ പാഡിലുളള കത്ത് കൈമാറി.
കത്ത് കൈപ്പറ്റി ഏഴ് ദിവസത്തിനകം ഹലാല്‍ വിഭവങ്ങള്‍ ലഭ്യമെന്ന സ്‍റ്റിക്കര്‍ നീക്കിയില്ലെങ്കില്‍ സ്‌ഥാപനം ബഹിഷ്‌കരിക്കുമെന്നും പ്രതിഷേധം സംഘടിപ്പിക്കുമെന്നുമായിരുന്നു കത്തിലെ താക്കീത്. വിവാദം ഒഴിവാക്കാന്‍ കട ഉടമ സ്‍റ്റിക്കര്‍ നീക്കി.
അതേസമയം, സംഭവം ശ്രദ്ധയില്‍ പെട്ട പോലീസ് വിഷയത്തില്‍ ഇടപെട്ടു. കട ഉടമയുടെ മൊഴിയുടെ അടിസ്‌ഥാനത്തില്‍ കേസെടുത്തു. സുജയ്, ലെനിന്‍, അരുണ്‍, ധനേഷ് എന്നിവര്‍ക്കെതിരെ മതസ്‌പര്‍ധ പ്രചരിപ്പിക്കാന്‍ ശ്രമിച്ചതെന്ന കുറ്റം ചുമത്തിയാണ് ചെങ്ങമനാട് പൊലീസ് കേസെടുത്തത്. ശേഷം പ്രതികളെ ജാമ്യത്തില്‍ വിട്ടയച്ചു.
Read also: സംസ്‌ഥാനത്ത് 7 മാസങ്ങള്‍ക്ക് ശേഷം ഇന്ന് സ്‌കൂളുകള്‍ തുറക്കും