‘ഹലാൽ’ വിവാദത്തിൽ യുവ ഇസ്‌ലാമിക പണ്ഡിതൻ ഡോ.ഹകീം അസ്ഹരിയുടെ വിശദീകരണം

By Desk Reporter, Malabar News
Explanation by Dr.Hakeem Azhari on Halal Controversy
Ajwa Travels

കോഴിക്കോട്: മതപരമായ കാര്യങ്ങൾ വിശദീകരിക്കാൻ പാണ്ഡിത്യമില്ലാത്ത കുറേയധികം ആളുകൾ വഴി സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അടുത്തിടെ തുടങ്ങിയ പ്രചാരണമാണ് ‘ഹലാല്‍ ഭക്ഷണം ബഹിഷ്‌കരിക്കുക’ എന്നത്. എറണാകുളം ജില്ലയിലെ ഒരു ബേക്കറിയിലാണ് വിവാദത്തിന് ‘തുടക്കം കുറിച്ചത്’.

2020 ഡിസംബർ 28ന് ജില്ലയിലെ കുറുമശേരിയിലെ ഒരു ബേക്കറിയിൽ പ്രദർശിപ്പിച്ച ‘ഹലാൽ വിഭവങ്ങൾ ലഭിക്കും’ എന്ന ബോർഡ് നീക്കണമെന്ന ഭീഷണിയുമായി ഹിന്ദു ഐക്യവേദി പ്രവർത്തകർ എത്തിയതും അവർ ഭീഷണി സ്വരത്തിൽ ബേക്കറിയുടമക്ക് പരസ്യമായി നൽകിയ ഒരു നോട്ടീസുമാണ് വിവാദ പെരുമഴയുടെ ആരംഭം.

കേരളത്തിൽ ആരംഭിച്ച ഈ വിവാദം പിന്നീട് സംഘപക്ഷ മാദ്ധ്യമങ്ങളും സംഘടനകളും വിവിധ സംസ്‌ഥാനങ്ങളിലേക്ക് കയറ്റി അയച്ചു. പോണ്ടിച്ചേരി, പഞ്ചാബ്, രാജസ്‌ഥാൻ, വെസ്‌റ്റ് ബംഗാൾ, തമിൾനാട്, തെലങ്കാന, ഛത്തീസ്‌ഗഡ്, ആന്ധ്രാപ്രദേശ്, ജാർഖണ്ഡ് തുടങ്ങിയ ബിജെപി ഇതര സംസ്‌ഥാനങ്ങളിലാണ് ഹലാൽ വിവാദം ‘ശക്‌തമാക്കിയത്’.

തൊട്ടടുത്ത ദിവസം കേന്ദ്ര വാണിജ്യ മന്ത്രാലത്തിന് കീഴിലെ ഇറച്ചി കയറ്റുമതി മാനുവലിൽ നിന്ന് ‘ഹലാൽ’ എന്ന വാക്ക് നീക്കം ചെയ്‌തതായി 2021 ജനുവരി 4ന് ആർഎസ്‌എസിന്റെ ദേശീയ‌ പ്രസിദ്ധീകരണമായ ഓർഗനൈസറിൽ ആദ്യ വാർത്തയും വന്നു. ഭൂരിപക്ഷ ഏകീകരണത്തിനായി, തികച്ചും ആസൂത്രിതമായി നടപ്പിലാക്കിയ ഒരു വിഭാഗീയ ആയുധമായിരുന്നോ ഇതെന്ന് സംശയിക്കാൻ ഈ കാരണങ്ങൾ തന്നെ ധാരാളമാണ്.

Explanation by Dr.Hakeem Azhari on Halal Controversy
ഹിന്ദു ഐക്യവേദി നൽകിയ നോട്ടീസ്

തുടർന്ന് എറണാകുളത്തെ തന്നെ തുഷാര അജിത് എന്ന സംരംഭക അവരുടെ വെണ്ണലയിലുള്ള നന്ദൂസ് കിച്ചൺ എന്ന ഹോട്ടലിൽ ‘ഹലാൽ നിഷിദ്ധ ഭക്ഷണം’ എന്ന ബോര്‍ഡ് പ്രദർശിപ്പിച്ചു കൊണ്ട് വിവാദം മറ്റൊരുതലത്തിലേക്ക് കൊണ്ടുപോയി. ഈ സാഹചര്യത്തിലാണ് പ്രശസ്‌ത യുവ ഇസ്‌ലാമിക പണ്ഡിതനും ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ മകനുമായ ഡോ. ഹകീം അസ്ഹരിയുടെ വിശദീകരണത്തിന് പ്രാധാന്യം അർഹിക്കുന്നത്.

വിശദീകരണത്തിൽ നിന്ന് വായിച്ചെടുക്കാവുന്ന പ്രസക്‌ത ഭാഗങ്ങൾ; സമീപകാലത്തായി കേരളത്തിൽ ഉടലെടുത്ത ഒരു പ്രസ്‌ഥാനം ഹലാൽ ഭക്ഷണം വർജ്യമാണ്, അത് നമുക്ക് പാടില്ലാത്തതാണ്, ആരും ഹലാൽ ഭക്ഷണം കഴിക്കരുത്, അത് മുസ്‌ലിങ്ങളുടെ ദൈവത്തിന്റെ പേരുപറഞ്ഞ് പ്രസാദിച്ചിട്ടുള്ള പ്രത്യേകമായ ഉൽപന്നമാണ് എന്ന് പറഞ്ഞുകൊണ്ടുള്ള പ്രചാരണമാണ് നടത്തുന്നത്.

ഹലാൽ എന്ന അറബ് വാക്കുപോലെ യഹൂദർക്കും ഒരു ടെർമിനോളജിയുണ്ട്. ഇതിനകത്ത് വരുന്ന ഭക്ഷണങ്ങൾ മാത്രമേ അവർ ഭക്ഷിക്കു. അത് പരിശോധിക്കാൻ വേണ്ടി പ്രത്യേക പരിശീലനം കഴിഞ്ഞ യഹൂദ പണ്ഡിതന്മാർ എയർപോർട്ടുകളിലും ഹോട്ടലുകളിലും ഉണ്ടാകും. ഭക്ഷണം നിഷിദ്ധമാണോ അല്ലയോ എന്ന് പരിശോധിക്കാനുള്ള അവകാശവും ഇവർക്കുണ്ട്.

Explanation by Dr.Hakeem Azhari on Halal Controversy
Representational Image

ക്രിസ്‌ത്യാനികൾക്ക് അവരുടെ നിയമ പുസ്‌തകത്തിൽ വളരെ വ്യക്‌തമായി ഉപയോഗിക്കാവുന്ന ഭക്ഷണങ്ങൾ, പാടില്ലാത്ത ഭക്ഷണങ്ങൾ ഏതൊക്കെ എന്നത് പറഞ്ഞിട്ടുണ്ട്. മൃഗങ്ങളെ പറ്റി പറഞ്ഞിട്ടുണ്ട്. ബ്രാഹ്‌മണർക്കാണെങ്കിലോ മനുസ്‌മൃതിയിലെ അഞ്ചാം അധ്യായത്തിൽ അഭക്ഷ്യം, ഭക്ഷ്യം എന്നിവ വേർതിരിച്ച് പറഞ്ഞിട്ടുണ്ട്. വെളുത്തുള്ളിയും ചുവന്നുള്ളിയും ശ്‌മശാനങ്ങൾ പോലുള്ള മണ്ണിൽ ഉണ്ടായ പച്ചക്കറിയും അമേദ്യത്തിലുണ്ടായ പച്ചക്കറിയും ഇവർക്ക് അനുവദനീയമല്ല. പശുവിന്റെ പാൽ എപ്പോൾ കുടിക്കാം, ഏത് പാൽ കുടിക്കാൻ പറ്റില്ല എന്നൊക്കെ വളരെ വ്യക്‌തമായി ഇതിൽ പറയുന്നുണ്ട്.

അതായത് ഹലാലും ഹറാമും എല്ലാ മതക്കാർക്കും ഉള്ളതാണ്. ഹലാൽ എന്ന ടെർമിനോളജി വ്യാപകമായി ഉപയോഗിക്കുന്നത് മുസ്‌ലിം സമൂഹമാണ് എന്ന് മാത്രം. ഹലാലല്ലാത്തത് ഭക്ഷിക്കരുതെന്ന ഒരു നിഷ്‌ഠ മുസ്‌ലിം സമൂഹത്തിനുണ്ട്. അവർ കൃത്യമായി പാലിക്കുന്ന ഒന്നാണ് ഭക്ഷണത്തിലെ ഹലാൽ, ഹറാം എന്നത്. അറുക്കാൻ ഒരു വിശ്വാസി ചെയ്യേണ്ടത് മൂർച്ചയുള്ള കത്തികൊണ്ട് അറുക്കുക, ശ്വാസനാളവും അന്നനാളവും മുറിയുക. അത് മാത്രമേ ശർത്തുള്ളൂ(നിബന്ധന). വിശ്വാസിയായ ഒരാൾ മൂർച്ചയുള്ള കത്തി കൊണ്ട് അറുക്കണം. മൂർച്ചയില്ലാത്ത കത്തി കൊണ്ട് അറുത്താൽ കഴുത്ത് ഞെക്കി കൊല്ലുന്നതിന് തുല്യമാണ്.

അറുക്കണം എന്നുപറഞ്ഞപ്പോൾ അറുക്കേണ്ട രീതിയെ പറ്റി ഇസ്‌ലാം പറഞ്ഞു. അത്രമാത്രമേയുള്ളു. അതിനായി ജപിക്കേണ്ടതില്ല. മന്ത്രിക്കേണ്ടതില്ല. ഒന്നും ഉരുവിടേണ്ടതില്ല. ഇതിനെ തെറ്റായി വ്യാഖ്യാനിച്ച്, ഇസ്‌ലാമിക കാഴ്‌ചപ്പാടിലെ ദൈവത്തിന്റെ മന്ത്രങ്ങൾ ഉരുവിട്ട് പ്രസാദിച്ചുകൊണ്ട് മറ്റുള്ളവർക്ക് നൽകുന്നതാണ്. അത് നാം കഴിക്കരുത് എന്നൊക്കെ പ്രചരിപ്പിക്കുന്നത് മതങ്ങൾക്കിടയിൽ സ്‌പർദയുണ്ടാക്കാൻ വേണ്ടിമാത്രം ചിലർ ചെയ്യുന്ന പ്രവർത്തിയാണ്.

First Non Halal Food in Kerala
തുഷാര അജിത് തന്റെ ഹോട്ടലിന് മുന്നിൽ

മതബോധമുള്ള ആളുകൾ ഇതേ സംബന്ധിച്ച് ബോധവാൻമാർ ആയിരിക്കുകയും ഇത്തരം വിഭാഗീയ പ്രവണതകളിൽ നിന്ന് അതാത് മതത്തിന്റെ ആളുകളെ മാറ്റി നിർത്താൻ എല്ലാവരും ശ്രമിക്കുകയും ചെയ്യേണ്ടത് നമ്മുടെ രാജ്യത്തിന്റെ അഖണ്ഡതക്കും സമാധാനപൂർണമായ നിലനിൽപ്പിനും അനിവാര്യമാണ്.

ഒരു രാഷ്‌ട്രത്തിന്റെ സമാധാനപൂർണമായ നിലനിൽപ്പ് അവിടുത്തെ ജനങ്ങൾ സന്തോഷത്തോടെ ജീവിക്കുമ്പോഴാണ്. സാഹോദര്യവും സൗഹാർദവും നിലനിറുത്തുമ്പോഴാണ്. അതില്ലായ്‌മ ചെയ്‌താലുണ്ടാകുന്ന താൽകാലിക വിജയങ്ങൾക്ക് വേണ്ടി, താൽകാലിക നേട്ടങ്ങൾക്ക് വേണ്ടി മഹത്തായ രാജ്യത്തിന്റെ സുന്ദരമായ ഭാവിയെ നാം ബലികൊടുക്കരുത്. ഇതെല്ലാവരും ഓർത്തിരിക്കേണ്ടത് അനിവാര്യമാണ് എന്നുമാത്രം ഈ സമയത്ത് ഓർമപ്പെടുത്തുന്നു.

ഹലാൽ വിവാദ ‘വിഷയത്തിൽ’ ഡോ.ഹകീം അസ്ഹരി നടത്തിയ പൂർണ വിശദീകരണം ഈ വീഡിയോയിൽ:

Most Read: കോടതികളെ വിമർശിക്കാനുള്ള അവകാശം വേണം; ഹരീഷ് സാൽവെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE