രാജീവ് രവിയുടെ സംവിധാനത്തിൽ നിവിന്‍ പോളി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘തുറമുഖം’. ഇതിനോടകം തന്നെ ഏറെ പ്രശംസ നേടിയ ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്ററിനൊപ്പമാണ് റിലീസ് തീയതി പ്രേക്ഷകരോട് പങ്ക് വച്ചിരിക്കുന്നത്. ഈ വര്‍ഷം മെയ് 13ആം തീയതിയാണ് ചിത്രം തീയേറ്ററുകളില്‍ എത്തുന്നത്.
ഇതിനോടകം തന്നെ പ്രേക്ഷകര്‍ക്കിടയിലും, നിരൂപകര്‍ക്കിടയിലും ശ്രദ്ധേയമായ തുറമുഖം നിവിന്‍ പോളിയുടെ സിനിമ ജീവിതത്തിലെ മറ്റൊരു മികച്ച കഥാപാത്രമാകും. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോന് എന്ന ചിത്രത്തിന് ശേഷം നിവിന്‍ പോളിക്ക് ലഭിക്കുന്ന മികച്ച കഥാപാത്രമായിരിക്കും ഇതെന്ന് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നുണ്ട്. ആയിരത്തി തൊള്ളായിരത്തി അന്‍പതുകളില്‍ കൊച്ചി തുറമുഖത്ത് നിലനിന്നിരുന്ന ചാപ്പ സമ്പ്രദായത്തിനെതിരെ നടന്ന തൊഴിലാളി മുന്നേറ്റമാണ് ചിത്രത്തിന്റെ പശ്ചാത്തലം.
അമല്‍ നീരദിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ഇയ്യോബിന്റെ പുസ്തകം എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയ ഗോപന് ചിദംബരം ആണ് തുറമുഖത്തിന്റെയും തിരക്കഥ ഒരുക്കുന്നത്. അദ്ദേഹത്തിന്റെ പിതാവ് എകെ ചിദംബരം രചിച്ച നാടകത്തിനെ അടിസ്ഥാനമാക്കിയാണ് തിരക്കഥ ഒരുക്കുന്നത്. തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ടാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബി അജിത് കുമാര്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രത്തില്‍ നിവിന്‍ പോളിക്കൊപ്പം നിമിഷ സജയന്, ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്ജുന് അശോകന്, സുദേവ് നായര്‍, മണികണ്ഠൻ ആചാരി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
Read also : ‘സ്റ്റാറി’ല്‍ ജോജുവിനും ഷീലുവിനും ഒപ്പം പൃഥ്വിരാജ്; ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കി