ന്യൂഡെൽഹി: പശ്‌ചിമ ബംഗാളില്‍ കോണ്‍ഗ്രസിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുന്ന 30 താര പ്രചാരകരുടെ പട്ടിക നേതൃത്വം പുറത്തുവിട്ടു. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്, കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി എന്നിവർ ഉൾപ്പടെയുള്ള നേതാക്കളാണ് പശ്‌ചിമ ബംഗാളിൽ കോൺഗ്രസ് പ്രചാരണം കൊഴുപ്പിക്കാൻ രംഗത്ത് ഇറങ്ങുന്നത്.
മാർച്ച് 27 മുതൽ ഏപ്രിൽ 29 വരെ എട്ട് ഘട്ടങ്ങൾ ആയാണ് പശ്‌ചിമ ബംഗാളിൽ വോട്ടെടുപ്പ് നടക്കുന്നത്. നിലവിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസും സംസ്‌ഥാനത്ത് ചുവടുറപ്പിക്കാൻ കച്ചകെട്ടി നിൽക്കുന്ന ബിജെപിയും ശക്‌തമായ പ്രചാരണ പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്.
മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, മുൻ രാജസ്‌ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്, പഞ്ചാബ് മുൻ മന്ത്രി നവജോത് സിംഗ് സിദ്ധു എന്നിവരാണ് കോൺഗ്രസിന് വേണ്ടി ബംഗാളിൽ പ്രചാരണത്തിന് ഇറങ്ങുന്ന മറ്റ് പ്രമുഖർ.
രാജസ്‌ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്, ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗൽ, മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥ് എന്നിവരും താര പ്രചാരകരുടെ പട്ടികയിൽ ഉണ്ട്.
അന്തരിച്ച മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജിയുടെ മകൻ അഭിഷേക് ബാനർജി, അധിർ രഞ്‌ജൻ ചൗധരി, മല്ലികാർജുൻ ഖാർഗെ, സൽമാൻ ഖുർഷിദ്, രൺദീപ് സിംഗ് സുർജേവാല, ജിതിൻ പ്രസാദ, ദീപേന്ദ്ര ഹൂഡ, മുൻ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീൻ എന്നിവരും കോൺഗ്രസിനായി പ്രചാരണ രംഗത്ത് ഇറങ്ങും.
അതേസമയം, ഗുലാം നബി ആസാദ്, ആനന്ദ് ശർമ, കപിൽ സിബൽ, മനീഷ് തിവാരി, ഭൂപേന്ദ്ര സിംഗ് ഹൂഡ എന്നിവരുൾപ്പടെ കോൺഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട നേതാക്കളെ പശ്‌ചിമ ബംഗാളിലെ പാർട്ടിയുടെ താര പ്രചാരക പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Also Read: ‘ബിജെപിയുടെ വിദ്വേഷ, വിഭജന രാഷ്‌ട്രീയം തമിഴ്‌നാട്ടിൽ വിജയിക്കില്ല’; കനിമൊഴി









































