മലപ്പുറം: കൊണ്ടോട്ടിയിലെ ഇടത് സ്‌ഥാനാർഥി കെപി സുലൈമാൻ ഹാജിയുടെ നാമനിർദ്ദേശ പത്രിക റിട്ടേണിങ് ഓഫീസർ സ്വീകരിച്ചു. യുഡിഎഫ് ഉന്നയിച്ച ആരോപണങ്ങൾ പരിഗണിച്ചില്ല. രണ്ടാം ഭാര്യയെ സംബന്ധിച്ച പ്രധാനപ്പെട്ട വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല എന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് പരാതി നൽകിയതിനെ തുടർന്ന് സൂക്ഷ്‌മ പരിശോധനക്കിടെ സുലൈമാൻ ഹാജിയുടെ പത്രിക മാറ്റിവെച്ചിരുന്നു.
തുടർന്നാണ് പത്രിക സ്വീകരിക്കുന്നത് സംബന്ധിച്ച തീരുമാനം ഇന്നത്തേക്ക് മാറ്റിയത്. ഭാര്യയുടെ വിവരങ്ങൾ നൽകേണ്ടിടത്ത് ബാധകമല്ല എന്നാണ് സുലൈമാൻ ഹാജി നൽകിയിരുന്നത്. ജീവിത പങ്കാളിയുടെ പേരോ മറ്റ് വിവരങ്ങളോ നാമനിർദ്ദേശ പത്രികയിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഇതിനെതിരെയാണ് കോൺഗ്രസ് രംഗത്തെത്തിയത്.
സുലൈമാന്‍ ഹാജിക്ക് രണ്ട് ഭാര്യമാരുണ്ടെന്ന ആരോപണവുമായി മുസ്‌ലിം ലീഗ് പ്രാദേശിക നേതൃത്വവും പരാതി നല്‍കിയിരുന്നു. നാട്ടിലുള്ള ഭാര്യയുടെയും മക്കളുടെയും വിവരങ്ങളും നാമനിർദ്ദേശ പത്രികയോടൊപ്പം സമർപ്പിച്ചിട്ടില്ലെന്നും പരാതിയിൽ പറഞ്ഞിരുന്നു. കൂടുതൽ നിയമവശങ്ങൾ പരിശോധിക്കുന്നതിന് വേണ്ടിയാണ് പത്രിക മാറ്റിവെച്ചത്. എന്നാൽ, ആരോപണങ്ങളിൽ കഴമ്പില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് സുലൈമാൻ ഹാജിയുടെ പത്രിക സ്വീകരിക്കുകയായിരുന്നു.
Also Read: കെകെ ശൈലജക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി യുഡിഎഫ്







































