മാറ്റമില്ലാതെ മലപ്പുറം; കഴിഞ്ഞ തിരഞ്ഞെടുപ്പിലെ സീറ്റുനില ആവർത്തിച്ചു

By News Desk, Malabar News
Representational image
Ajwa Travels

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പില്‍ 2016ലെ സീറ്റുനില ആവര്‍ത്തിച്ച് മലപ്പുറം. ആകെയുള്ള 16 മണ്ഡലങ്ങളില്‍ 12 മണ്ഡലങ്ങള്‍ യുഡിഎഫും, 4 സിറ്റിങ് സീറ്റുകള്‍ എല്‍ഡിഎഫും നിലനിര്‍ത്തി. പൊന്നാനിയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ ഭൂരിപക്ഷം നേടാനായത് എല്‍ഡിഎഫിന് ആശ്വാസമായി.

ജില്ലയില്‍ സമ്പൂര്‍ണ ആധിപത്യമാണ് യുഡിഎഫ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, എല്‍ഡിഎഫ് സിറ്റിങ് സീറ്റുകളായ താനൂരിലും, തവനൂരിലും വോട്ടെണ്ണലിന്റെ അവസാന നിമിഷം വരെ ലീഡ് നില മാറി മറിഞ്ഞെങ്കിലും ഒടുവില്‍ മണ്ഡലം എൽഡിഎഫ് നിലനിർത്തുകയായിരുന്നു. ഫോട്ടോ ഫിനിഷിന് ഒടുവില്‍ ചെറിയ ഭൂരിപക്ഷത്തിനായിരുന്നു താനൂരില്‍ വി അബ്‌ദുറഹ്‌മാന്റെ വിജയം. നിലമ്പൂരില്‍ പിവി അന്‍വറിന്റെയും തവനൂരില്‍ കെടി ജലീലിന്റെയും ലീഡ് കുറഞ്ഞെങ്കിലും മണ്ഡലത്തില്‍ നിന്ന് ജയിച്ച് കയറി ഇരുവരും എല്‍ഡിഎഫിന്റെ പ്രതീക്ഷ കാത്തു.

സ്‌ഥാനാർഥി നിര്‍ണയത്തോടെ പരസ്യ പ്രതിഷേധം ഉടലെടുത്ത പൊന്നാനിയില്‍ യുവ സ്‌ഥാനാർഥിയിലൂടെ അട്ടിമറി ജയം പ്രതീക്ഷിച്ച യുഡിഎഫിന്റെ കണക്കുകൂട്ടലുകൾ തെറ്റി. പി നന്ദകുമാര്‍ ലീഡ് വര്‍ധിപ്പിച്ചാണ് പൊന്നാനിയില്‍ നിന്നും നിയമസഭയിലെത്തുന്നത്. മുസ്‌ലിം ലീഗ് അനായാസ വിജയം പ്രതീക്ഷിച്ച പെരിന്തല്‍മണ്ണയില്‍ സംസ്‌ഥാനത്തെ തന്നെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിനാണ് യൂത്ത് ലീഗ് നേതാവ് നജീബ് കാന്തപുരം ജയിച്ചു കയറിയത്. 38 വോട്ടുകള്‍ക്കായിരുന്നു നജീബ് കാന്തപുരത്തിന്റെ വിജയം.

എല്‍ഡിഎഫ് വിജയപ്രതീക്ഷ പുലര്‍ത്തിയ തിരൂരങ്ങാടിയിലും, മങ്കടയിലും ലീഡ് വർധിപ്പിച്ച് വിജയം നേടാനായത് യുഡിഎഫിന് നേട്ടമായി. ഏറനാടും, കൊണ്ടോട്ടിയിലും, വള്ളിക്കുന്നിലും, കോട്ടക്കലിലും,തിരൂരിലും,മലപ്പുറത്തും വലിയ ഭൂരിപക്ഷങ്ങള്‍ക്ക് ആയിരുന്നു ലീഗ് സ്‌ഥാനാർഥികളുടെ വിജയം. പികെ കുഞ്ഞാലിക്കുട്ടി മൽസരിച്ച വേങ്ങരയിലും, യുഎ ലത്തീഫ് മൽസരിച്ച മുസ്‌ലിം ലീഗ് കോട്ടയായ മഞ്ചേരിയിലും ഭൂരിപക്ഷം കുറഞ്ഞു. ലോക്‌സഭാംഗത്വം രാജിവെച്ചത് സജീവ ചര്‍ച്ചയായ തിരഞ്ഞെടുപ്പില്‍ മുപ്പതിനായിരത്തിന് മുകളില്‍ ഭൂരിപക്ഷത്തിനാണ് വേങ്ങരയില്‍ നിന്ന് കുഞ്ഞാലിക്കുട്ടി ഒരിക്കല്‍ കൂടി തിരഞ്ഞെടുക്കപ്പെട്ടത്.

മുസ്‌ലിം ലീഗിന്റെ കോട്ടകൾ തകർക്കാൻ ശ്രമിച്ച ഇരുമുന്നണികൾക്കും നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല. എങ്കിലും മലപ്പുറത്ത് നഷ്‌ടങ്ങൾ ഉണ്ടായില്ലെന്ന ആശ്വാസത്തിലാണ്‌ ഇരുമുന്നണികളും.

Also Read: സമൂഹത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങൾ ഇടവേളയില്ലാതെ തുടരും; എം സ്വരാജ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE