റിയാദ്: മക്ക-മദീന നഗരങ്ങളെ കിങ് അബ്‌ദുള്ള ഇക്കണോമിക് സിറ്റി വഴി ബന്ധിപ്പിക്കുന്ന ഹറമൈൻ അതിവേഗ ട്രെയിൻ സർവീസ് ബുധനാഴ്‌ച മുതൽ പുനരാരംഭിക്കുന്നു. വരാനിരിക്കുന്ന ഹജ്‌ജിന് മുൻപായി ട്രെയിൻ ഗതാഗതം പൂർണ തോതിലാകുമെന്നാണ് പ്രതീക്ഷ.
തുടക്കത്തിൽ പ്രതിദിനം 24 മുതൽ 30 സർവീസ് വരെയാണ് നടത്തുക. ഒരു മാസത്തിനകം സർവീസുകളുടെ എണ്ണം വർധിപ്പിച്ച്, റമദാനോടെ ദിനംപ്രതി 40 മുതൽ 54 സർവീസുകൾ വരെ നടത്താനാണ് നീക്കം. ഹറമൈൻ ട്രെയിൻ ഗതാഗതം പുനരാരംഭിക്കുന്നത് പുണ്യമാസത്തിൽ ഇരുഹറമുകളിലും പ്രാർഥനക്ക് എത്തുന്ന തീർഥാടകർക്ക് ഏറെ ആശ്വാസമാകും.
അതേസമയം, ജിദ്ദയിലെ സുലൈമാനിയ റെയിൽവെ സ്‌റ്റേഷനിൽ അഗ്‌നിബാധയെ തുടർന്ന് പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ഈ സാഹചര്യത്തിൽ ജിദ്ദയിലെ കിംഗ് അബ്‌ദുൽ അസീസ് എയർപോർട്ട് റെയിൽവെ സ്‌റ്റേഷനാണ് ജിദ്ദയിലെ യാത്രക്കാർ ഉപയോഗിക്കേണ്ടത്.
സുലൈമാനിയ സ്‌റ്റേഷൻ വൈകാതെ തന്നെ പൂർണതോതിൽ പ്രവർത്തന സജ്‌ജമാകും. എഴുന്നൂറിലധികം തൊഴിലാളികളാണ് പുനരുദ്ധാരണ ജോലികളിൽ ഇവിടെ പ്രവർത്തിച്ച് വരുന്നത്. സ്‌റ്റേഷൻ നിർമാണ കരാർ ഏറ്റെടുത്ത കമ്പനിയുടെ പൂർണ ചെലവിലാണ് പുനർനിർമാണ ജോലികൾ നടന്നുവരുന്നത്.
Also Read: ഒമാനിലെ രാത്രി യാത്രാ വിലക്കിൽ ചില വിഭാഗങ്ങൾക്ക് ഇളവ്





































