കൊല്‍ക്കത്ത: കൂച്ച് ബിഹാർ ജില്ലയിലെ സിതാൽകുച്ചിയിൽ ഉണ്ടായ വെടിവയ്‌പ്പിൽ വിവാദ പരാമർശം നടത്തിയ പശ്‌ചിമ ബംഗാൾ ബിജെപി നേതാവ് ദിലീപ് ഘോഷിന് പിന്നാലെ പിന്നാലെ വിദ്വേഷപരമായ മറ്റൊരു പരാമര്‍ശവുമായി ബിജെപി നേതാവ് രാഹുല്‍ സിന്‍ഹ. കൂച്ച് ബിഹാറിലെ സിതാല്‍കുച്ചിയില്‍ നാലുപേരെയല്ല, എട്ട് പേരെയെങ്കിലും വെടിവെച്ച് കൊല്ലേണ്ടതായിരുന്നു എന്നായിരുന്നു രാഹുല്‍ സിന്‍ഹ പറഞ്ഞത്.
ഹബ്ര മണ്ഡലത്തിലെ ബിജെപി സ്‌ഥാനാർഥി കൂടിയായ രാഹുല്‍ സിന്‍ഹ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് ഈ പ്രസ്‌താവന നടത്തിയത്. കേന്ദ്രസേന ഉചിതമായ രീതിയില്‍ തന്നെ പ്രതികരിച്ചുവെന്നും സിതാല്‍കുച്ചിയില്‍ സംഭവിച്ചത് പോലെ മറ്റെവിടെയെങ്കിലും സംഭവിച്ചാല്‍ കേന്ദ്രസേന ഇത്തരത്തിൽ തന്നെ പ്രതികരിക്കുമെന്നും സിൻഹ പറഞ്ഞു. സിതാൽകുച്ചിയിൽ എന്താണ് സംഭവിച്ചതെന്ന് ജനങ്ങൾ കണ്ടു. ആരെങ്കിലും അതിരു കടക്കാൻ ശ്രമിച്ചാൽ ഈ സംഭവം ആവർത്തിക്കപ്പെടും, എന്നായിരുന്നു ദിലീപ് ഘോഷിന്റെ ഭീഷണി.
അതേസമയം, ദിലീപ് ഘോഷിനെതിരെ കർശന നടപടി ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ദിലീപ് ഘോഷിന്റെ രാഷ്‌ട്രീയ പ്രചാരണത്തിന് വിലക്ക് ഏർപ്പെടുത്തണം എന്നാണ് തൃണമൂൽ കോൺഗ്രസിന്റെ ആവശ്യം. ദിലീപ് ഘോഷ് അക്രമത്തെ ന്യായീകരിച്ചതായും ഇത്തരം ആക്രമങ്ങൾ ആവർത്തിക്കുമെന്ന് ജനങ്ങളെ ഭീഷണിപ്പെടുത്തിയായും പരാതിയിൽ പറഞ്ഞു.
Read also: കോവിഡ് വ്യാപനം; ആഭ്യന്തര വിമാന സർവീസുകളിൽ ഭക്ഷണ വിതരണത്തിന് നിയന്ത്രണം






































