ന്യൂഡെൽഹി: കർഷക സമരത്തിന് പിന്തുണയും സമരം ചെയ്യുന്നവർക്ക് സഹായം ചെയ്യാനും ഡെൽഹിയിൽ എത്തിയ പഞ്ചാബ് സ്വദേശി കാറിന് തീ പിടിച്ച് മരിച്ചു. ജനക് രാജ് എന്നയാളാണ് മരിച്ചത്. ഡെൽഹി-ഹരിയാന അതിർത്തിയിൽ കാർ നിർത്തിയിട്ട് ഉറങ്ങുന്നതിനിടെ തീപിടുത്തമുണ്ടായതാണ് ദുരന്തത്തിൽ കലാശിച്ചത്.
ട്രാക്‌ടർ റിപ്പയർ ചെയ്യുന്ന ജീവനക്കാരനാണ് 55 വയസുള്ള ജനക് രാജ്. കർഷക സമരത്തിൽ വോളണ്ടിയറായി പ്രവർത്തിക്കാൻ കഴിഞ്ഞ ദിവസമാണ് ഇദ്ദേഹം ഡെൽഹിയിൽ എത്തിയത്. ശനിയാഴ്‌ചത്തെ പ്രതിഷേധ പരിപാടികൾക്ക് ശേഷം കാറിൽ കിടന്ന് ഉറങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. രാത്രി കാറിന് തീ പിടിക്കുകയും ഇദ്ദേഹം പൊള്ളലേറ്റ് മരിക്കുകയുമായിരുന്നു. പഞ്ചാബിലെ ബർനാല ജില്ലക്കാരനാണ് ജനക് രാജ്.
Also Read: ലൗ ജിഹാദിനെതിരെ ആദ്യ കേസ്; അഭിനന്ദിച്ച് വിഎച്ച്പി
ബിജെപിയുടെ മുൻ ഘടക കക്ഷിയും കർഷക നിയമങ്ങളിൽ പ്രതിഷേധിച്ച് എൻഡിഎ വിട്ട പാർട്ടിയുമായ ശിരോമണി അകാലിദൾ ജനക് രാജിന്റെ മരണത്തിൽ അനുശോചിച്ചു. ചരിത്രം എന്നും ഓർമിക്കുന്ന പേരായിരിക്കും അദ്ദേഹത്തിന്റേതെന്ന് ശിരോമണി അകാലിദൾ നേതൃത്വം പറഞ്ഞു.