ഗുവാഹത്തി: അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മക്കെതിരെ എംഎല്‍എ അഖില്‍ ഗൊഗോയ്. നിയമ നിര്‍മാണം നടത്തുകയല്ലാതെ നിയമസഭാംഗങ്ങള്‍ക്ക് മറ്റൊരു അധികാരമില്ലെന്ന ഹിമന്ദയുടെ പ്രസ്‌താവനക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് അഖില്‍ ഗൊഗോയ് രംഗത്ത് വന്നത്.
അസം മുഖ്യമന്ത്രിയുടെ പ്രസ്‌താവന സ്‌ഥാപിത മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണ്. ഒരു എംഎല്‍എയുടെ അധികാരത്തെക്കുറിച്ച് സുപ്രീം കോടതിയുടെ വിധിന്യായങ്ങള്‍ ഉണ്ട്, നിയമത്തിലെ ഏത് വകുപ്പ് പ്രകാരമാണ് നിയമസഭക്കുള്ളില്‍ നിയമങ്ങള്‍ നിര്‍മിക്കുകയല്ലാതെ ഒരു എംഎല്‍എക്ക് മറ്റ് അധികാരങ്ങള്‍ ഇല്ലെന്ന് പറയുന്നതെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കണമെന്ന് അഖില്‍ ഗൊഗോയ് വെല്ലുവിളിച്ചു.
ഒരു ചട്ടവും കാണിക്കാന്‍ കഴിയുന്നില്ലെങ്കില്‍, അസമിലെ എംഎല്‍എമാരെ അപമാനിക്കാന്‍ ശ്രമിച്ചതിന് മുഖ്യമന്ത്രി പരസ്യമായി മാപ്പ് ചോദിക്കണം. അദ്ദേഹത്തിന്റെ പ്രസ്‌താവനയെ എതിര്‍ക്കാന്‍ സംസ്‌ഥാനത്തെ എല്ലാ എംഎല്‍എമാരോടും അഭ്യർഥിക്കുന്നു എന്നും അഖിൽ ഗൊഗോയ് പറഞ്ഞു. ഹിമന്ദയുടെ പ്രസ്‌താവന ജനാധിപത്യത്തിന് അപകടമാണെന്നും ഗൊഗോയ് കൂട്ടിച്ചേർത്തു.
Read also: രാജ്യത്ത് 1500 പുതിയ ഓക്‌സിജൻ പ്ളാന്റുകൾ; ദൗർലഭ്യം പരിഹരിക്കുമെന്ന് പ്രധാനമന്ത്രി