ന്യൂഡെൽഹി: അഫ്ഗാൻ വിഷയം ചർച്ച ചെയ്യുന്നതിനായി നാളെ രാജ്യത്ത് സർവകക്ഷി യോഗം ചേരും. അഫ്ഗാൻ നയം പ്രഖ്യാപിക്കുന്നതിന് മുൻപായി കേന്ദ്രസർക്കാരിന് വ്യത്യസ്ത വിഷയങ്ങളിൽ നയപരമായ തിരുമാനം കൈക്കൊള്ളണം. അതിനാൽ തന്നെ പ്രതിപക്ഷ പാർട്ടികളുടെ അഭിപ്രായം വിദേശകാര്യമന്ത്രാലയം നാളെ പ്രതീക്ഷിക്കുന്നുണ്ട്. അഫ്ഗാനിലെ ഇന്ത്യൻ നിക്ഷേപങ്ങളുടെ ഭാവി അടക്കമുള്ള വിഷയങ്ങളിലാണ് പ്രതിപക്ഷ പാർട്ടികൾ നാളത്തെ യോഗത്തിൽ നിലപാട് വ്യക്തമാക്കുക.
അതേസമയം തന്നെ കാബൂളിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന നടപടികൾ ഓഗസ്റ്റ് 31ആം തീയതിക്ക് മുൻപായി പൂർത്തിയാക്കാനാണ് ഇന്ത്യയുടെ തീരുമാനം. ഇതിന്റെ ഭാഗമായി അഫ്ഗാനിലുള്ള ഇന്ത്യക്കാരോട് എത്രയും വേഗം മടക്കയാത്രയ്ക്ക് തയ്യാറാകണമെന്നും കേന്ദ്രം വ്യക്തമാക്കി. നിലവിൽ കാബൂളിൽ നിന്നും പ്രതിദിനം 2 വിമാനങ്ങളാണ് ഡെൽഹിയിലേക്ക് യാത്രക്കാരുമായി എത്തുന്നത്.
കൂടാതെ ഇതുവരെയുള്ള ഒഴിപ്പിക്കൽ നടപടികൾ നാളെ നടക്കുന്ന യോഗത്തിൽ കേന്ദ്രം പ്രതിപക്ഷ പാർട്ടികളെ അറിയിക്കും. യോഗത്തിൽ പ്രതിപക്ഷ പാർട്ടികളുടെ അഭിപ്രായം അറിഞ്ഞതിന് ശേഷമായിരിക്കും അഫ്ഗാൻ നയത്തിന്റെ കരട് തയ്യാറാക്കുന്ന ചർച്ചകളിലേക്ക് കേന്ദ്രം കടക്കുക.
Read also: സംസ്ഥാന ഭരണം പാർട്ടി നിശ്ചയിക്കും; സർക്കാരിന് മാർഗനിർദ്ദേശവുമായി സിപിഎം







































