കാബൂൾ: അഫ്‌ഗാനിസ്‌ഥാനിൽ ചാവേർ ബോംബ് സ്‍ഫോടനത്തിൽ താലിബാൻ സർക്കാരിലെ അഭയാർഥി കാര്യ മന്ത്രി ഖലീൽ ഹഖാനിയടക്കം ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വർഷം മുൻപ് താലിബാൻ വീണ്ടും അധികാരത്തിലെത്തിയ ശേഷം ബോംബാക്രമണത്തിൽ കൊല്ലപ്പെടുന്ന ഉയർന്ന നേതാവാണ് ഹഖാനി.
ബുധനാഴ്‌ച അഭയാർഥി കാര്യ മന്ത്രാലയ വളപ്പിലായിരുന്നു സ്‍ഫോടനം. അഫ്‌ഗാനിലെ പ്രബല തീവ്രവാദ സംഘടനകളിൽ ഒന്നായ ഹഖാനി നെറ്റ്‌വർക്കിന്റെ സ്‌ഥാപകൻ ജലാലുദീൻ ഹഖാനിയുടെ സഹോദരനായ ഖലീൽ ഹഖാനി, താലിബാനെ വീണ്ടും അധികാരത്തിൽ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചവരിൽ ഒരാളാണ്.
അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. 2021ൽ അഫ്‌ഗാനിസ്‌ഥാനിൽ നിന്ന് വിദേശസേന പിൻവാങ്ങിയതിന് പിന്നാലെയാണ് ഖലീൽ ഹഖാനി താലിബാന്റെ ഇടക്കാല സർക്കാരിൽ മന്ത്രിയാകുന്നത്. യുദ്ധത്തിൽ യുഎസ് നേതൃത്വത്തിലുള്ള സേനയ്‌ക്ക് എതിരായ ആക്രമണങ്ങൾ അഴിച്ചുവിട്ട തീവ്രവാദ വിഭാഗമായ ഹഖാനി ശൃംഖലയുടെ മുതിർന്ന നേതാവായിരുന്നു അദ്ദേഹം.
Most Read| സ്‌ത്രീധന നിരോധന നിയമം; ദുരുപയോഗം ചെയ്യാൻ അനുവദിക്കരുത്- സുപ്രീം കോടതി