ദോഹ: നിരന്തരമായി ഖത്തര്‍ ലോകകപ്പിനെ മോശമായി ചിത്രീകരിക്കാന്‍ ശ്രമം നടത്തിയ ബിബിസി ‘നൂറ്റാണ്ടിലെ മികച്ച ലോകകപ്പ്’ ഏതെന്ന് കണ്ടെത്താൻ അവരുടെ പ്രേക്ഷകർക്കിടയിൽ നടത്തിയ സർവേയിൽ നാണംകെട്ട തോൽവിയാണ് ഏറ്റുവാങ്ങിയത്.
ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ലോകകപ്പ് ഖത്തറില്‍ നടന്നതാണെന്ന് ബിബിസി പ്രേക്ഷകർ തന്നെയാണ് കണ്ടെത്തിയത്. ലൈവ് സർവേയിൽ പങ്കെടുത്ത 78 ശതമാനം പേരും ഖത്തര്‍ ലോകകപ്പാണ് ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ലോകകപ്പെന്ന് വിധിയെഴുതി. മറ്റുമാർഗങ്ങൾ ഇല്ലാതെ ബിബിസിക്ക് സർവേയുടെ ഫലം പ്രഖ്യാപിക്കുകയും ചെയ്യേണ്ടി വന്നു.
ഖത്തര്‍ ലോകകപ്പുമായി ബന്ധപ്പെട്ട് ഒട്ടേറെ വിവാദങ്ങളാണ് ബിബിസി സൃഷ്‌ടിച്ചത്. ലോകകപ്പ് ഉൽഘാടന ചടങ്ങ് തല്‍സമയം റിപ്പോര്‍ട്ട് ചെയ്യാതെ ബിബിസി മാറിനിന്നു. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. 2002ലെ മുതല്‍ 2022 വരെയുള്ള ലോകകപ്പിന്റെ ആറ് പതിപ്പുകളില്‍ വച്ച് ഏറ്റവും മികച്ചത് ഏതെന്ന് കണ്ടെത്താനായിരുന്നു ബിബിസി സര്‍വേ നടത്തിയത്. എന്നാൽ, അതിൽ ഖത്തർ ഉണ്ടാകരുതെന്ന് മുൻകൂട്ടി തീരുമാനിച്ച രീതിയിലായിരുന്നു സർവേ ആമുഖം ബിബിസി നൽകിയത്.
ഇനി പറയുന്ന ലോക കപ്പുകളില്‍ ഏതാണ് നൂറ്റാണ്ടിലെ ഏറ്റവും മികച്ച ലോകകപ്പെന്ന് തിരഞ്ഞെടുക്കാന്‍ ബിബിസി സ്‍പോര്‍ട് വിശദീകരിച്ച ശേഷം ഓരോ ലോകകപ്പിന്റെയും വിശദാംശങ്ങള്‍, സവിശേഷതകള്‍, നേട്ടങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഖത്തര്‍ ലോകകപ്പിനെ കുറിച്ചുള്ള വിവരണത്തില്‍ കൂടുതലും പറഞ്ഞത്, അതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങളെ കുറിച്ചായിരുന്നു.
സ്‌റ്റേഡിയ നിര്‍മാണത്തിനിടെ നടന്ന തൊഴിലാളികളുടെ മരണം, സ്വവര്‍ഗാനുരാഗികൾ നേരിട്ട വിവേചനം, ശൈത്യകാല ലോകകപ്പ് തുടങ്ങിയ വിവാദങ്ങളോടെയാണ് ഖത്തര്‍ ലോകകപ്പ് ആരംഭിച്ചതെന്നാണ് വിശദീകരണം. ഈ രീതിയില്‍ ഖത്തറിനെ മോശമാക്കാനുള്ള ബിബിസിയുടെ ശ്രമങ്ങളെ പൂർണമായും തള്ളിയാണ് വായനക്കാർ പ്രതികരിച്ചത്.
സര്‍വേയില്‍ പങ്കെടുത്തവരില്‍ 78 ശതമാനം പേരും ഏറ്റവും മികച്ച ലോകകപ്പായി ഖത്തര്‍ ലോകകപ്പിനെ തിരഞ്ഞെടുത്തപ്പോൾ 2002ല്‍ ഏഷ്യയിലെ ജപ്പാനിലും ദക്ഷിണ കൊറിയയിലുമായി നടന്ന ലോകകപ്പിന് സര്‍വേയില്‍ ആറു ശതമാനം പേരുടെ വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. 2014ൽ ബ്രസീലില്‍ നടന്ന ലോകകപ്പിന് അഞ്ച് ശതമാനം വോട്ടുകള്‍ ലഭിച്ചപ്പോൾ ജര്‍മ്മനിയില്‍ നടന്ന 2006ലെ ലോകകപ്പും റഷ്യയിലെ 2018 ലോകകപ്പും 4 ശതമാനം പേരുടെ പിന്തുണ മാത്രമാണ് നേടിയത്.
ഖത്തറിനെതിരേ ഒരു ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചാണ് ബിബിസി ഖത്തറിനെതിരെ ആദ്യ വാളോങ്ങിയത്. പിന്നീടങ്ങോട്ട് നിരന്തരമായി ഖത്തര്‍ ലോകകപ്പിനെ മോശമായി ചിത്രീകരിക്കാന്‍ ശ്രമം നടത്തുകയും ചെയ്‌തു ബിബിസി. കളിയുടെ അവസാന ദിവസം ലോകകപ്പ് നേടിയ അര്‍ജന്റീന നായകന്‍ ലയണല്‍ മെസിക്ക് ലോകകപ്പ് സമ്മാനിക്കുന്നതിനു മുമ്പ് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി, പരമ്പരാഗത അറബ് ആചാര വസ്‌ത്രം ധരിപ്പിച്ചതിനെ കുറിച്ചും വിവാദം സൃഷ്‌ടിക്കാൻ ബിബിസി ശ്രമിച്ചിരുന്നു. അമീറിന്റെ ഈ നടപടി അപമാനകരമാണെന്നുംഅറബ് സംസ്‌ക്കാരം മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് ഇതെന്നും ബിബിസി വ്യാഖ്യാനിക്കാൻ ശ്രമിച്ചു.
എന്നാൽ, ഇതേ ബിബിസി മികച്ച ടൂര്‍ണമെന്റിന് ഖത്തര്‍ വേദിയൊരുക്കിയതായും വാർത്ത നൽകിയിരുന്നു. ടൂര്‍ണമെന്റിലെ മികച്ച പ്രകടനത്തോടെ സെമി ഫൈനലിലെത്തിയ ആദ്യ അറബ്, ആഫ്രിക്കന്‍ ടീമായി മാറിയ മൊറോക്കോയുടെ അട്ടമിറിയെ സംബന്ധിച്ചും ബിബിസി പ്രത്യേക വാർത്താ പരിപാടി ചെയ്‌തിരുന്നു.
ജര്‍മ്മനിക്കും സ്‌പെയിനിനുമെതിരെ ജപ്പാന്‍ നേടിയ അതിശയകരമായ വിജയങ്ങളും ചൂണ്ടിക്കാണിക്കപ്പെട്ടു. അറബ് ലോകത്തെയും മിഡില്‍ ഈസ്‌റ്റിലെയും ആദ്യ ലോകകപ്പ് എന്ന നിലയിലുള്ള അതിന്റെ സവിശേഷതയും ടൂര്‍ണമെന്റിനിടയില്‍ വലിയ സുരക്ഷാ സംഭവങ്ങളോ കുറ്റകൃത്യങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന കാര്യവും ബിബിസി പ്രത്യേകം വാർത്തയായി ചെയ്‌തിരുന്നു.
22ആമത് ലോകകപ്പിനാണു 2022 നവംബർ 20 മുതൽ ഡിസംബർ 18 വരെ ഖത്തർ ആതിഥേയരായത്. ഫൈനലിൽ ഫ്രാൻസിനെ തോൽപിച്ച് അർജന്റീനയാണ് ലോകകപ്പ് സ്വന്തമാക്കിയത്. വിദേശരാജ്യങ്ങളിൽ നിന്നെത്തിയ 14 ലക്ഷത്തോളം ആരാധകർ ഉൾപ്പെടെ 34 ലക്ഷം പേരാണ് 8 സ്‌റ്റേഡിയങ്ങളിലായി നടന്ന 64 മൽസരങ്ങൾ ആസ്വദിച്ചത്. സംഘാടന മികവിലും ആരാധകർക്കായി ഒരുക്കിയ യാത്രാ, താമസ സൗകര്യങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിമർശകരുടേത് ഉൾപ്പെടെ മുഴുവൻ ലോക രാജ്യങ്ങളുടെയും കയ്യടി നേടിയാണ് ഖത്തർ ആതിഥേയത്വ ചുമതല പൂർത്തിയാക്കിയത്.
Most Read: ചൈനീസ് ഉൽപന്നങ്ങൾ ഇന്ത്യയിൽ ബഹിഷ്‌കരിക്കണം; അരവിന്ദ് കെജ്‍രിവാൾ