കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് മുൻ എംഎൽഎയെ സിംഗൂരിൽ ബിജെപി സ്ഥാനാർഥി ആക്കുന്നതിൽ പ്രതിഷേധവുമായി പാർട്ടി പ്രവർത്തകർ. തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവച്ച് ബിജെപി പാളയത്തിൽ ചേക്കേറിയ രബീന്ദ്രനാഥ് ഭട്ടാചാര്യയെ സിംഗൂരിൽ മൽസരിപ്പിക്കാൻ ബിജെപി തീരുമാനിച്ചതിലാണ് പ്രവർത്തകർ പ്രതിഷേധം രേഖപ്പെടുത്തിയത്.
രബീന്ദ്രനാഥ് ഭട്ടാചാര്യയുടെ സ്ഥാനാർഥിത്വം അംഗീകരിക്കില്ലെന്ന് സിംഗൂരിലെ ബിജെപി പ്രവർത്തകർ വ്യക്തമാക്കി. പ്രദേശത്തെ തൃണമൂൽ കോൺഗ്രസ് എംഎൽഎ ആയിരുന്ന രബീന്ദ്രനാഥ് ഭട്ടാചാര്യ മൂലമാണ് സിംഗൂരിലെ ബിജെപി പ്രവർത്തകർ വേട്ടയാടപ്പെടുകയും പലപ്പോഴും അറസ്റ്റ് ചെയ്യപ്പെട്ടതെന്നും സിംഗൂരിലെ ബിജെപി പ്രവർത്തകർ ആരോപിച്ചു.
പശ്ചിമ ബംഗാളിൽ മൂന്നാം ഘട്ട തിരഞ്ഞെടുപ്പിനുള്ള 27 സ്ഥാനാർഥികളുടെ പട്ടിക ബിജെപി ഞായറാഴ്ച പ്രഖ്യാപിച്ചു. ഈ പട്ടികയിൽ സിംഗൂരിൽ നിന്ന് ബിജെപി ടിക്കറ്റിൽ മൽസരിക്കുന്നത് രവീന്ദ്രനാഥ് ഭട്ടാചാര്യയാണ്. മാർച്ച് എട്ടിന് തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവച്ച് ബിജെപിയിൽ ചേർന്ന അഞ്ച് സിറ്റിംഗ് എംഎൽഎമാരിൽ രബീന്ദ്രനാഥ് ഭട്ടാചാര്യയും ഉൾപ്പെടുന്നു. സോണാലി ഗുഹ, സീതാൽ സർദാർ, ദിപേന്ദു ബിശ്വാസ്, ജട്ടു ലാഹിരി എന്നിവരാണ് മറ്റുള്ളവർ.
സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് രബീന്ദ്രനാഥ് ഭട്ടാചാര്യ രാജിവച്ചത്. പ്രായാധിക്യം കണക്കിലെടുത്താണ് രബീന്ദ്രനാഥ് ഭട്ടാചാര്യക്ക് സീറ്റ് നിഷേധിച്ചതെന്നും 80 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരെ നിർത്തേണ്ടതില്ലെന്ന് പാർട്ടി തീരുമാനിച്ചതായും ടിഎംസി വ്യക്തമാക്കിയിരുന്നു.
Also Read: ലതികാ സുഭാഷിന് പിന്നാലെ പാർട്ടി വിട്ട് കെപിസിസി സെക്രട്ടറി രമണി പി നായര്







































