ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസിന്റെ ഏഴാം ദിനം ഇന്ത്യക്ക് ഒൻപതാം സ്വർണം. മിക്സഡ് ഡബിൾസ് ടെന്നീസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ-ഋതുജ ഭോസാലെ സഖ്യമാണ് സ്വർണം നേടിയത്. ഫൈനലിൽ ചൈനീസ് തായ്പേയിയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ സ്വർണം നേടിയത്.
ആവേശകരമായ ഫൈനലിൽ ആദ്യ സെറ്റ് നഷ്ടപ്പെട്ടിട്ടും പിന്നീട് ബൊപ്പണ്ണ-ഋതുജ സഖ്യം തിരിച്ചടിച്ച് സ്വർണം നേടുകയായിരുന്നു. സ്കോർ: 2–6, 6–3, 10–4. 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം മൽസരത്തിൽ ഇന്ത്യയുടെ സരബ്ജോത് സിങ്-ദിവ്യ ടിഎസ് സഖ്യം വെള്ളി നേടി.
ഫൈനലിൽ ചൈനയോടാണ് ഇന്ത്യൻ ടീം പരാജയപ്പെട്ടത്. ഒരു ഘട്ടത്തിൽ മുന്നിൽ നിന്ന ഇന്ത്യ അവസാനമാണ് മൽസരം കൈവിട്ടത്. ഷൂട്ടിങ്ങിൽ നിന്ന് ഇന്ത്യ സ്വന്തമാക്കുന്ന 19ആം മെഡലാണിത്. ബോക്സിങ് റിങ്ങിൽ നിന്ന് ഇന്ത്യ രണ്ട് മെഡലുറപ്പിച്ചു.
വനിതകളുടെ 54 കിലോ വിഭാഗം ബോക്സിങ്ങില്‍ ഇന്ത്യ മെഡലുറപ്പിച്ചു. ഇന്ത്യന്‍ യുവതാരം പ്രീതി പന്‍വാര്‍ സെമിയിലെത്തി. ക്വാര്‍ട്ടര്‍ ഫൈനലില്‍ കസാഖ്സ്ഥാൻ താരം ഷായ്ന ഷെക്കര്‍ബെക്കോവയെ തകര്‍ത്താണ് പ്രീതി അവസാന നാലിലെത്തിയത്. 4–1 എന്ന സ്കോറിനാണ് താരത്തിന്റെ വിജയം. വെറും 18 വയസ് മാത്രമാണ് പ്രീതിയുടെ പ്രായം.
ഗെയിംസിൽ ഇന്ന് ഭാരദ്വോഹനത്തിൽ മീരഭായ് ചാനു, ബോക്സർ ലവ്ലിന തുടങ്ങിയവർ സ്വർണ പ്രതീക്ഷയോടെ ഇറങ്ങുന്നുണ്ട്. ഹോക്കിയിലെ പൂൾ എ മൽസരത്തിൽ പാകിസ്ഥാനുമായി ഇന്ത്യക്ക് മൽസരമുണ്ട്. പുരുഷ ബാഡ്മിന്റണിൽ ഇന്ത്യൻ ടീം ഇന്ന് സെമിഫൈനലിനിറങ്ങും.
MOST READ | സർക്കാർ ജീവനക്കാർക്ക് 12 മാസത്തെ പ്രസവാവധി