തിരുവനന്തപുരം: ചൈനയിലെ ഹാങ്ചൗയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ മികച്ച പ്രകടനം കാഴ്‌ചവെച്ച മലയാളി കായിക താരങ്ങൾക്ക് പാരിതോഷികം പ്രഖ്യാപിച്ചു സംസ്‌ഥാന സർക്കാർ. സ്വർണമെഡൽ ജേതാക്കൾക്ക് 25 ലക്ഷം രൂപ വീതം നൽകും. വെള്ളി മെഡൽ ജേതാക്കൾക്ക് 19 ലക്ഷം രൂപയും വെങ്കല മെഡൽ ജേതാക്കൾക്ക് 12 ലക്ഷം രൂപ വീതവും പാരിതോഷികം പ്രഖ്യാപിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
മുൻപ് നൽകിയതിനേക്കാൾ 25 ശതമാനം വർധനവോടെയാണ് സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചത്. ഏഷ്യൻ ഗെയിംസ് അവസാനിച്ചു പത്ത് ദിവസങ്ങൾക്ക് ശേഷമാണ് സർക്കാർ കായിക താരങ്ങൾക്കുള്ള സമ്മാനത്തുക പ്രഖ്യാപിച്ചത്. നേരത്തെ, ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കളെ ആദരിക്കുന്ന ചടങ്ങ് നടത്തുമെന്ന് സർക്കാർ അറിയിച്ചിരുന്നു. അടുത്ത വ്യാഴാഴ്‌ചയാണ് ചടങ്ങ് നടക്കുക.
മെഡൽ വേട്ടയിൽ ഇന്ത്യ തിളക്കമാർന്ന നേട്ടം സ്വന്തമാക്കിയപ്പോൾ 12 മെഡലുകളാണ് മലയാളി താരങ്ങൾ നേടിയത്. ആറുപേർ സ്വർണവും അഞ്ചുപേർ വെള്ളിയും ഒരാൾ വെങ്കലവും നേടിയിരുന്നു. അതിനിടെ, കായികലോകത്ത് നേട്ടങ്ങൾ കൈവരിച്ച താരങ്ങൾക്ക് സംസ്‌ഥാന സർക്കാരിന്റെ ഭാഗത്തു നിന്ന് വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്നും ഇതിൽ നിരാശ ഉണ്ടെന്നും ആരോപിച്ചു ഇന്ത്യൻ ഹോക്കി താരം പിആർ ശ്രീജേഷ് പരസ്യമായി രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മെഡൽ ജേതാക്കളെ ആദരിക്കാനും പാരിതോഷികം നൽകാനും സർക്കാർ തീരുമാനിച്ചത്.
Most Read| ‘പോറ്റമ്മയായി ഞാനുണ്ട്’, പൂച്ചക്കുഞ്ഞിനെ പാലൂട്ടി വളർത്തുന്ന നായ- ഹൃദ്യം ഈ കാഴ്‌ച