തിരുവനന്തപുരം: ചരിത്ര പുരുഷനാകാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കെ-റെയിൽ പദ്ധതിയെക്കുറിച്ച് യുഡിഎഫ് ഉന്നയിച്ച ചോദ്യങ്ങൾക്ക് സർക്കാർ മറുപടി നൽകിയിട്ടില്ല. ചോദ്യങ്ങൾക്ക് മറുപടി പറയാതെ പദ്ധതിയുമായി മുന്നോട്ട് പോകാൻ അനുവദിക്കില്ലെന്നും വിഡി സതീശൻ വ്യക്തമാക്കി.
കെ-റെയിൽ പദ്ധതി വേണ്ടെന്ന് മുഷ്ക് കാണിച്ചാൽ അംഗീകരിച്ച് നൽകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നാടിന് ആവശ്യമെങ്കിൽ പദ്ധതി നടപ്പാക്കും. ജനങ്ങളുടെ ന്യായമായ എതിർപ്പ് പരിഗണിക്കും. അല്ലാത്ത നിലപാടിനെ അംഗീകരിക്കില്ല. നവകേരളത്തിന് വേണ്ടിയാണ് കെ-റെയിൽ പദ്ധതിയെന്നും അതിന്റെ വ്യക്തതയ്ക്ക് വേണ്ട കാര്യം സർക്കാർ ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.
അതേസമയം കെ-റെയിൽ പദ്ധതിയിൽ ലഘുലേഖയുമായി വീടുകൾ കേന്ദ്രീകരിച്ച് സിപിഎം പ്രചാരണം നടത്തുന്നുണ്ട്. എതിർപ്പിന് പിന്നിൽ യുഡിഎഫ്-ബിജെപി-ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടാണെന്ന് സിപിഎം ആരോപിക്കുന്നു.
കേരളത്തിന്റെ വികസനം അട്ടിമറിക്കാൻ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് പാർട്ടി നിരന്തരം വിമർശനം ഉന്നയിക്കുന്നുണ്ട്. കെ-റെയിലിന്റെ ഗുണങ്ങളും പ്രത്യേകതകളും വിശദീകരിച്ചാണ് ലഘുലേഖ വീടുകളിൽ നൽകുന്നത്. ഇത്തരം ലഘുലേഖകൾ എല്ലാ വീടുകളിലേക്കും എത്തിക്കാനാണ് സിപിഎമ്മിന്റെ തീരുമാനം.
Read Also: ഡിജെ പാർട്ടികൾക്ക് നിയന്ത്രണം; കർശന നിലപാടുമായി പോലീസ്