തലശേരി: കൂത്തുപറമ്പിൽ നവകേരള സദസിനെ അഭിവാദ്യം ചെയ്യാൻ എൽപി സ്കൂൾ വിദ്യാർഥികളെ അടക്കം ഒരു മണിക്കൂറോളം പൊരിവെയിലത്ത് നിർത്തിയ സംഭവത്തിൽ കേസെടുത്ത് ദേശീയ ബാലാവകാശ കമ്മീഷൻ. സംഭവത്തെ കുറിച്ച് അഞ്ചു ദിവസത്തിനകം നടപടി സ്വീകരിച്ചു റിപ്പോർട് സമർപ്പിക്കാനാണ് നിർദ്ദേശം. കുട്ടികളെ വെയിലത്ത് നിർത്തിയതിനെതിരെ എംഎസ്എഫ്, സംസ്ഥാന ബാലാവകാശ കമ്മീഷൻ, എബിവിപി ദേശീയ ബാലാവകാശ കമ്മീഷനും പരാതി നൽകിയിരുന്നു.
വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയില്ലാതെ വിദ്യാർഥികളെ പരിപാടികളിൽ പങ്കെടുപ്പിക്കരുതെന്ന കർശന നിർദ്ദേശം നിലനിൽക്കെ സ്കൂൾ വിദ്യാർഥികളെ റോഡിലിറക്കി നിർത്തിയത് വിവാദമായിരുന്നു. തലശേരിയിൽ നിന്ന് കൂത്തുപറമ്പ് മണ്ഡലത്തിലെ പാനൂരിലേക്ക് പോകുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അഭിവാദ്യം ചെയ്യാനാണ് 32-33 ഡിഗ്രി സെൽഷ്യസ് ചൂടിൽ കുട്ടികളെ ഇന്നലെ രാവിലെ 11 മുതൽ വഴിയരികിൽ നിരയായി നിർത്തിയത്. മുഖ്യമന്ത്രി ഇതുവഴി പോയത് 12 മണിയോടെയാണ്.
സ്പീക്കർ എഎൻ ഷംസീർ പ്രതിനിധാനം ചെയ്യുന്ന തലശേരി മണ്ഡലത്തിലെ ചമ്പാട് എൽപിഎസ്, ചോതാവൂർ ഹൈസ്കൂൾ, ചമ്പാട് വെസ്റ്റ് യുപിഎസ് എന്നിവിടങ്ങളിലെ വിദ്യാർഥികളെയാണ് റോഡിലിറക്കി നിർത്തിയത്. പുഷ്പവൃഷ്ടിക്കും ആളുകളെ നിർത്തിയിരുന്നു. സ്പീക്കർ ആവശ്യപ്പെട്ടത് പ്രകാരം നവകേരള സദസിൽ വിദ്യാർഥികൾ പങ്കെടുക്കണമെന്ന് തലശേരി കോളേജ് ഓഫ് എൻജിനിയറിങ് പ്രിൻസിപ്പൽ നേരത്തെ നോട്ടീസ് ഇറക്കിയിരുന്നു. അധ്യാപകർക്കും നിർദ്ദേശമുണ്ടായിരുന്നു.
Most Read| ഗാസയിൽ നാളെ മുതൽ നാല് ദിവസത്തേക്ക് വെടിനിർത്തൽ പ്രാബല്യത്തിൽ