ദോഹ: കോവിഡ്-19 വാക്‌സിനുമായി ബന്ധപ്പെട്ട ജനങ്ങളുടെ സംശയങ്ങൾക്ക് സമൂഹ മാദ്ധ്യമങ്ങളിലൂടെ ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം മറുപടി നൽകി. മന്ത്രാലയത്തിലെ വാക്‌സിൻ വിഭാഗമാണ് ഇൻസ്‌റ്റഗ്രാമിലൂടെ ചോദ്യങ്ങൾക്ക് ലൈവായി മറുപടി നൽകിയത്.
പൊതുജനാരോഗ്യ മന്ത്രാലയത്തിൻറെ ഔദ്യോഗിക ഇൻസ്‌റ്റഗ്രാം പേജിലൂടെ ഇന്ന് വൈകിട്ട് 4 മുതൽ 5 വരെയാണ് ലൈവായി മറുപടികൾ നൽകിയത്. മന്ത്രാലയത്തിലെ വാക്‌സിൻ വിഭാഗത്തിന് നേതൃത്വം നൽകുന്ന ഡോ. സോഹ അൽ ബയത്താണ് ലൈവിലെത്തിയത്. ഇംഗ്ളീഷിലാണ് പരിപാടി സംഘടിപ്പിച്ചത്.
കോവിഡ് പ്രതിരോധ വാക്‌സിൻ സുരക്ഷിതമാണെന്നും നിയമപരമായ പരിശോധനകളും പ്രോട്ടോക്കാളും വിജയകരമായി പൂർത്തിയാക്കിയാണ് ഈ വാക്‌സിൻ ജനങ്ങളിലേക്ക് എത്തുന്നതെന്നും സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ച ഒരു വീഡിയോയിൽ ഡോ. സോഹ പറഞ്ഞു.
വാക്‌സിൻ സ്വീകരിക്കുന്നവർക്ക് ഉണ്ടായേക്കാവുന്ന പാർശ്വഫലങ്ങൾ അപകട രഹിതമാണെന്നും ഡോക്‌ടർ പറഞ്ഞു. അമേരിക്കയുടെ ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷൻ വിഭാഗം ഉൾപ്പടെ ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള ആരോഗ്യ മന്ത്രാലയങ്ങൾ ഈ വാക്‌സിൻ സുരക്ഷിതമാണെന്ന് സ്‌ഥിരീകരിച്ച് കഴിഞ്ഞതായും ഡോ. സോഹ പറഞ്ഞു. യുകെയിലെ ജനങ്ങളിൽ പലരും ഇതിനോടകം വാക്‌സിൻ സ്വീകരിച്ചതായും ഇതുവരെയും ആർക്കും പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ഡോക്‌ടർ അറിയിച്ചു.
ഇത്രവേഗം വാക്‌സിൻ വികസിപ്പിച്ചതിനാൽ, വാക്‌സിനുകളുടെ പൊതുവായ സുരക്ഷാ പരിശോധനകൾ മറികടന്നാണ് ഫൈസർ വാക്‌സിൻ വികസിപ്പിച്ചതെന്ന ആരോപണത്തിൽ അടിസ്‌ഥാനമില്ലെന്നും അധികൃതർ അറിയിച്ചു. സാധാരണ ഗതിയിൽ വാക്‌സിൻ വികസിപ്പിക്കുന്നത് പോലെ പൂജ്യത്തിൽ നിന്ന് തുടങ്ങേണ്ട അവസ്‌ഥ ഫൈസർ വാക്‌സിന്റെ കാര്യത്തിൽ ഉണ്ടായിട്ടില്ലെന്നും ഇതിനോടകം വികസിപ്പിച്ച ശാസ്‌ത്രീയ ഘട്ടങ്ങൾ ഉപയോഗപ്പെടുത്തിയാണ് കോവിഡ് വാക്‌സിൻ വികസിപ്പിച്ചതെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.
Also Read: കോവിഡ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം; ഗുരുവായൂരില്‍ കര്‍ശന നിയന്ത്രണം
ഇന്ന് രാവിലെ മുതലാണ് ഖത്തറിൽ ഫൈസർ വാക്‌സിൻ വിതരണം ആരംഭിച്ചത്. രാജ്യത്തെ ഏഴ് ആരോഗ്യ കേന്ദ്രങ്ങൾ വഴിയാണ് വാക്‌സിനുകൾ വിതരണം ചെയ്യപ്പെടുന്നത്. വാക്‌സിൻ സ്വീകരിക്കാൻ അർഹത നേടിയവരെ ആരോഗ്യ മന്ത്രാലയം നേരിട്ട് ഫോണിൽ ബന്ധപ്പെടുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
ഡിസംബർ 23 മുതൽ ജനുവരി 31 വരെയാണ് വാക്‌സിൻ വിതരണത്തിന്റെ ആദ്യഘട്ടം നടപ്പാക്കുന്നത്. വയോധികർ, സ്‌ഥിര രോഗങ്ങളുള്ളവർ, ആരോഗ്യ പ്രവർത്തകർ എന്നിവർക്കാണ് ആദ്യഘട്ടത്തിൽ വാക്‌സിൻ നൽകുന്നത്. തുടർന്നുള്ള ഘട്ടങ്ങളിൽ സമൂഹത്തിലെ മറ്റുള്ളവരിലേക്കും വാക്‌സിൻ എത്തും.
National News: ബ്രിട്ടനില്‍ നിന്നും രാജ്യത്തെത്തിയ കൂടുതല്‍ പേര്‍ക്ക് കോവിഡ്; ആശങ്ക പടരുന്നു







































