തിരുവനന്തപുരം: ഏറെവിവാദമായ കുഞ്ഞിനെ ദത്ത് നൽകിയ കേസ് പുതിയ വഴിത്തിരിവിലേക്ക്. അനുപമ എസ് ചന്ദ്രന്റെ പരാതിയെ തുടർന്ന് കുഞ്ഞിനെ ഡിഎൻഎ ടെസ്‌റ്റ് നടത്താനായി അഞ്ച് ദിവസത്തിനകം ഹാജരാക്കണമെന്ന് ശിശുക്ഷേമ സമിതിയോട് കോടതി ആവശ്യപ്പെട്ടിരുന്നു.
ഇതനുസരിച്ച് കുഞ്ഞിനെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. കോടതിയുടെ അനുമതിയോടു കൂടിയാണ് കുഞ്ഞിനെ തിരികെയെത്തിക്കാൻ ഉദ്യോഗസ്‌ഥർ ആന്ധ്രയിലേക്ക് തിരിച്ചിരുന്നത്. ദത്ത് നടപടിയുടെ ആദ്യഘട്ടമായ ‘സംരക്ഷണം ഏറ്റെടുക്കൽ’ നടപടിയുടെ ഭാഗമായി ആന്ധ്രയിലെ ദമ്പതികൾ കുഞ്ഞിനെ ഏറ്റെടുത്തിരുന്നു. ഈ ദമ്പതികളാണ് കേരളത്തിൽ നിന്നെത്തിയ ഉദ്യോഗസ്‌ഥ സംഘത്തിന് കുഞ്ഞിനെ കൈമാറിയത്.
ഇന്നലെ വൈകിട്ടോടെ തന്നെ ആന്ധ്രയിലെ ദമ്പതികളുടെ വീട്ടിലെത്തിയ ഉദ്യോഗസ്‌ഥർക്കാണ്, നിയമപരമായ പേപ്പറുകളിൽ ഒപ്പുവെച്ചശേഷം കുഞ്ഞിനെ കൈമാറിയത്. സ്‌പെഷല്‍ ജുവനൈല്‍ പോലീസ് യൂണിറ്റ് ഡിവൈഎസ്‌പിയുടെ നേതൃത്വത്തില്‍ വനിത പോലീസ് ഉള്‍പ്പെട്ട സംഘവും കുഞ്ഞിന് സുരക്ഷ ഒരുക്കി ഉദ്യോഗസ്‌ഥർക്കൊപ്പം ഉണ്ട്. ഡിഎന്‍എ പരിശോധനയിലൂടെ കുട്ടി അനുപമയുടേത് തന്നെയാണ് എന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.
ഡിഎന്‍എ റിപ്പോർട് അനുകൂലമെങ്കിൽ തുടർനടപടികൾ കുറെയേറെ പൂർത്തീകരിക്കാനുണ്ട്. നേരത്തെ സർക്കാരിന്റെ ആവശ്യപ്രകാരം ദത്തുമായി ബന്ധപ്പെട്ട തുടർ നടപടികൾ കോടതി ഇടപെട്ട് നിർത്തിവെച്ചിരുന്നു. നിലവിൽ കുഞ്ഞിന്റെ സംരക്ഷണച്ചുമതല ശിശു സംരക്ഷണ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കാണ്.

ഡിഎന്‍എ ടെസ്‌റ്റിനു ശേഷം, നിയമം അനുസരിച്ച് കേസിൽ തീർപ്പുണ്ടാകുംവരെ പ്രാപ്‌തനായ മറ്റൊരു വ്യക്‌തിക്കാണ് സംരക്ഷണച്ചുമതല നൽകേണ്ടത്. ഈ സാഹചര്യത്തിൽ കേസ് തീരുംവരെ നോക്കാനായി അമ്മക്ക് അപേക്ഷ നൽകാം. എന്നാൽ, ഇതിൽ അന്തിമതീർപ്പ് കോടതിയുടെ നിരീക്ഷണങ്ങളും വിഷയങ്ങളുടെ ഗൗരവവും അനുസരിച്ചായിരിക്കും.
Most Read: ‘ഇ-ശ്രം കാർഡ്’ ചരിത്രം; എന്തിന്? എന്ത് കൊണ്ട് ‘ഇ-ശ്രം’?







































